
കറാച്ചി: ഇന്ത്യൻ മണ്ണിൽ ഭീകര പ്രവർത്തനങ്ങൾ നടത്തിയ ശേഷം അതിർത്തിയിലൂടെ പാകിസ്ഥാനിലേക്ക് രക്ഷപ്പെടുന്നവരെ അവിടെയെത്തി വധിക്കുമെന്ന പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ പ്രസ്താവനയ്‌ക്കെതിരെ പാകിസ്ഥാൻ രംഗത്ത്.
പ്രസ്താവന പ്രകോപനപരവും ഇടുങ്ങിയ ചിന്താഗതിയോടെയുള്ളതുമാണെന്ന് പാക് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഭീകരർ ഇന്ത്യയിൽ ആക്രമണം നടത്തിയ ശേഷം പാകിസ്ഥാനിൽ അഭയം തേടുന്നെന്ന ആരോപണം അവർ തള്ളി. അയൽരാജ്യങ്ങളുമായി എന്നും നല്ല ബന്ധം സൂക്ഷിക്കാനാണ് ഇന്ത്യ ശ്രമിച്ചിട്ടുള്ളതെന്നും എന്നാൽ ആരെങ്കിലും ഇന്ത്യയുടെ സമാധാനം തകർക്കാൻ ശ്രമിച്ചാൽ അവരെ വെറുതെ വിടില്ലെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കിയിരുന്നു.
ഇന്ത്യ പാക് ഭീകരരെ അതിർത്തികടന്ന് ആസൂത്രിതമായി വധിക്കുന്നെന്ന ബ്രിട്ടീഷ് മാദ്ധ്യമ റിപ്പോർട്ടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. റിപ്പോർട്ട് വ്യാജമാണെന്നും ഇന്ത്യൻ സർക്കാരിന്റെ നയം അതല്ലെന്നും വിദേശകാര്യമന്ത്രി എസ്. ജയശങ്കർ നേരത്തെ പ്രതികരിച്ചിരുന്നു.