d

വിവാദ ചിത്രം കേരളസ്റ്റോറിയിലൂടെ ശ്രദ്ധ നേടിയ ബോളിവുഡ് നടിയാണ് ആദാ ശർമ്മ. ഇപ്പോഴിതാ താരം വീണ്ടും വാർത്തകളിൽ ഇടംനേടിയിരിക്കുകയാണ്. അന്തരിച്ച നടൻ സുശാന്ത് സിംഗ് രജ്പുത് താമസിച്ചിരുന്ന മുംബയ് മോണ്ട് ബ്ലാങ്ക് അപ്പാർട്ട്‌മെന്റിലെ ഫ്ളാറ്റ് ആദാ ശർമ്മ വാങ്ങിയെന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നത്. 2020 ജൂൺ 14ന് ഈ ഫ്ളാറ്റിലാണ് സുശാന്ത് സിംഗിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അതിന് ശേഷം ഇവിടെ മറ്റാരും താമസിച്ചിരുന്നില്ല. കഴിഞ്ഞ ആഗസ്റ്റിൽ തന്നെ ആദാ ശർമ്മ ഈ ഫ്ളാറ്റ് വാങ്ങിയെന്ന അഭ്യൂഹങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ അന്ന് ഇക്കാര്യത്തിൽ താരം പ്രതികരിച്ചിരുന്നില്ല. ഇതാദ്യമായി സിദ്ധാർത്ഥ് കണ്ണനുമായുള്ള അഭിമുഖത്തിലാണ് ഫ്ളാറ്റ് വാങ്ങിയത് സംബന്ധിച്ച് താരം പ്രതികരിച്ചത്.

ഞാൻ ആ ഫ്ളാറ്റ്കാണാൻ പോയപ്പോൾ തന്നെ മാദ്ധ്യമശ്രദ്ധ നേടിയിരുന്നു, ഞാൻ സ്വകാര്യത ആഗ്രഹിക്കുന്ന വ്യക്തിയാണ്. എന്റെ സിനിമകളിലൂടെ പൊതുജനങ്ങൾക്ക് മുന്നിൽ ശ്രദ്ധിക്കപ്പെടുന്നത് ഞാൻ ഇഷ്ടപ്പെടുന്നു. അതേസമയം എന്റെ സ്വകാര്യത പരസ്യമാക്കാൻ ആഗ്രഹിക്കുന്നുമില്ല. ഞാൻ അവിടെയാണോ താമസിക്കുന്നതെന്ന കമന്റുകൾ ഒക്കെ വന്നിരുന്നു. എന്നാൽ അതൊക്കെ പിന്നീട് വെളിപ്പെടുത്താവുന്ന കാര്യമാണ്. എന്റെ സ്വകാര്യതയാണ് അത്. ഇപ്പോൾ ഞാൻ ജീവിക്കുന്നത് ജനങ്ങളുടെ മനസിലാണ് , വാടക കൊടുക്കാതെ താരം പറഞ്ഞു.

മോണ്ട് ബ്ലാങ്ക് അപ്പാർട്ട്‌മെന്റിലെ കൂറ്റൻ ഡ്യുപ്ലെക്സ് 4ബിഎച്ച്‌കെ ഫ്ളാറ്റിന് 2,500 ചതുരശ്ര അടി വിസ്തീർണമാണ് ഉള്ളത്. കടലിന്റെ അതിമനോഹരമായ കാഴ്ച ഈ ഫ്ളാറ്റിന്റെ ടെറസിൽ നിന്നാൽ ലഭിക്കും. മുംബൈയിലെ ബാന്ദ്ര വെസ്റ്റിലെ കാർട്ടർ റോഡിന്റെ ആറാം നിലയിലാണ് ഫ്ളാറ്റ് സ്ഥിതി ചെയ്യുന്നത്.