
ജയ്‌പൂർ: സ്കൂൾ പരീക്ഷയ്ക്ക് പഠിക്കുന്നില്ലെന്ന് ആരോപിച്ച് 17കാരിയെ പിതാവ് മർദ്ദിച്ചുകൊന്നതായി ആരോപണം. രാജസ്ഥാനിലെ സിരോഹി ജില്ലയിലാണ് സംഭവം. പ്രേം നഗർ സ്വദേശി ഫത്തേ മുഹമ്മദിനെ (42) പൊലീസ് അറസ്റ്റ് ചെയ്തു. പ്ലസ് വൺ വിദ്യാർത്ഥിനിയാണ് പിതാവിന്റെ മർദനമേറ്റ് മരിച്ചത്.
പരീക്ഷയ്ക്ക് പഠിക്കാത്തത് കൊണ്ട് മകളോട് ഇയാൾ ദേഷ്യപ്പെട്ടിരുന്നുവെന്നും വ്യാഴാഴ്ച വടി ഉപയോഗിച്ച് ക്രൂരമായി മർദിച്ചുവെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞി. കുട്ടിയുടെ അമ്മാവനാണ് പൊലീസിൽ പരാതി നൽകിയത്.
ശനിയാഴ്ച പൊലീസ് എത്തി പിതാവിനെ അറസ്റ്റ് ചെയ്തു. കുട്ടിയെ തല്ലാൻ ഉപയോഗിച്ച വടി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മർദനം കാരണമായി ഉണ്ടായ ആന്തരിക രക്തസ്രാവമായിരിക്കാം കുട്ടിയുടെ മരണകാരണമായതെന്ന് പൊലീസ് കരുതുന്നു. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വരണമെന്ന് പൊലീസ് അറിയിച്ചു.