pic

പീരുമേട്: തോട്ടം മേഖലയിലെ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗം ഒട്ടേറെ യുവാക്കളുടെ ജീവൻ പൊലിയാനിടയാക്കുന്നു. അമിത മദ്യപാനവും കഞ്ചാവും എം.ഡി.എം.എയും പോലുള്ള സിന്തറ്റിക്ക് ലഹരികൾക്കും അടിമയാകുകയാണ് യുവാക്കൾ. ഇവരിൽ പലരും ചെറിയ പ്രായത്തിൽ തന്നെ കുറ്റവാളികളായി തീരുന്നു. മുമ്പ് അഞ്ചും പത്തും ഗ്രാം കഞ്ചാവ് പൊതികളിലാണ് ലഹരി എത്തിച്ചിരുന്നെങ്കിൽ ഇപ്പോൾ പുതിയ മാർഗ്ഗമാണ് സ്വീകരിക്കുന്നത്.

ഇതിന്റെ ഉറവിടം കണ്ടെത്താൻ എക്‌സൈസിനും പൊലീസിനും കഴിയുന്നില്ല. പീരുമേട്ടിലെ തോട്ടം മേഖലയിൽ ഒട്ടേറെ പേരുടെ ജീവൻ പൊലിയാനിടയായത് യുവാക്കളുടെ അമിതലഹരിയുടെ ഉപയോഗമാണ്. ഉപ്പുതറയിൽ ഏതാനും മാസം മുമ്പ് ലഹരിക്കടിമയായ യുവാവ് അമിത വേഗത്തിൽ ബൈക്ക് ഓടിച്ച് അപകടത്തിൽ പെട്ട് മരിച്ചിരുന്നു.

ആഴ്ചകൾക്ക് മുമ്പ് പാമ്പനാർ കല്ലാറിൽ 21കാരൻ ഓട്ടോറിക്ഷ മറിഞ്ഞ് മരിച്ചു. ചിദംമ്പരം എസ്റ്റേറ്റിൽ ലഹരിക്കടിമയായ 19കാരനെ കഴിഞ്ഞ വർഷം ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കഴിഞ്ഞ ശിവരാത്രി നാളിൽ വണ്ടിപ്പെരിയാറിൽ കുമളി സ്വദേശിയായ മേളംകലാകാരനായ19 കാരനെ മദ്യ ലഹരിയിലായ ആൾ കുത്തി കൊലപ്പെടുത്തി. പ്രതി അമിത ലഹരിക്ക് അടിമയായിരുന്നു. കഴിഞ്ഞദിവസം മ്ലാമല പള്ളിക്കടയിൽ ഉണ്ടായ തർക്കത്തിൽ മരിച്ചത് 25 കാരനും പ്രതിയാകട്ടെ 19കാരനുമായിരുന്നു. ഇരുവരും മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറയുന്നു. മുമ്പ് തോട്ടം മേഖലയിൽ ചാരായം സുലഭമായി ലഭിച്ചിരുന്നു.

എല്ലാ എസ്റ്റേറ്റുകളിലും ചാരായ കടകൾ പ്രവർത്തിച്ചിരുന്നു. അന്നു പോലും അടിപിടി കേസുൾ മാത്രമായിരുന്നു ഉണ്ടായിട്ടുള്ളത്. ഇപ്പോൾ സിന്തറ്റിക് ലഹരിയ്ക്ക് അടിമകളായ യുവത പെട്ടെന്ന് അക്രമാസക്തരാകുന്ന കാഴ്ചയാണ്. ലഹരിക്കടിമയായ ഇവർ പങ്കെടുക്കുന്ന ഉത്സവങ്ങളും പെരുന്നാളുകളും നിമിഷ നേരം കൊണ്ട് വാക്ക് തർക്കങ്ങളിലും അക്രമകങ്ങളിലും കലാശിക്കുകയാണ്. അമിത ലഹരി ഉപയോഗം തടയാൻ എക്‌സൈസും പൊലീസും സദാ തയ്യാറകണമെന്നാവശ്യം ശക്തമായിട്ടുണ്ട്.

കൊലപാതക ശേഷവും സംഘർഷം

മ്ലാമലയിലെ കൊലപാതകത്തിന് പിന്നാലെ തേങ്ങാങ്കൽ രണ്ടാം ഡിവിഷനിൽ ഇരു വിഭാഗങ്ങൾ തമ്മിൽ ഇന്നലെ സംഘർഷമുണ്ടായി. സ്ത്രീയുൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. പ്രതിയുടെ ബന്ധുവായ സ്ത്രീയെ ക്രൂരമായി മർദ്ദിച്ചതായി പരാതിയുണ്ട്. പ്രതിയുടെ വീടിന് നേരെ കല്ലേറുമുണ്ടായി. കൊല്ലപ്പെട്ട അശോക് കുമാറും പ്രതി സുബീഷും ബന്ധുക്കളാണ്.