
ജനീവ: ലോകമെമ്പാടും ഏറെ ആരാധകരുള്ള ഭക്ഷണ പദാർത്ഥമാണ് ബർഗർ. ബർഗറും ഫ്രഞ്ച് ഫ്രൈസും ചേർന്ന കോമ്പിനേഷൻ ഭക്ഷണപ്രിയരുടെ ലിസ്റ്റിൽ മുൻനിരയിലാണ്. സാധാരണ ഒരു ബർഗർ നൂറു രൂപയ്ക്ക് അകത്ത് തന്നെ ലഭിക്കും.
എന്നാൽ രണ്ട് സാധാരണ ബർഗറിന് 8,329 രൂപ ഈടാക്കിയതായി കേട്ടിട്ടുണ്ടോ. രണ്ട് ഓസ്ട്രേലിയൻ ടൂറിസ്റ്റുകൾക്കാണ് ദുരനുഭവം. സ്വിറ്റ്സർലൻഡിലെ ഒരു റെസ്റ്റോറന്റിൽ നിന്ന് രണ്ട് ബർഗറും ഫ്രൈസും ഒരു സോഡയും വാങ്ങിയ മരിയ ആന്റനോയും പങ്കാളി ആന്റണിയുമാണ് ബർഗറിന്റെ വില കണ്ട് ഞെട്ടിയത്.
ഗ്രിൻഡൽവാൽഡിലെ റെസ്റോറന്റ് 100 യു.എസ് ഡോളറാണ് ( 8,329 രൂപ ) ഇരുവരിൽ നിന്നും ഈടാക്കിയത്. ഓസ്ട്രേലിയയിൽ ആയിരുന്നെങ്കിൽ 98 ഡോളറിന് രണ്ട് സ്വർണ ബർഗറുകൾ വാങ്ങാമായിരുന്നു എന്ന് മരിയ പറയുന്നു. സ്വിറ്റ്‌സർലൻഡിലെ എല്ലായിടത്തും ഭക്ഷണത്തിന് ഞെട്ടിക്കുന്ന വിലയായിരുന്നെന്നും അവർ പറയുന്നു. അതേ സമയം, ഭക്ഷണത്തിന് ഉയർന്ന തുക ഈടാക്കി യൂറോപ്യൻ റെസ്റ്റോറന്റുകൾ വാർത്തകളിൽ നിറയുന്നത് ഇതാദ്യമല്ല.
നേരത്തെ സാൻവിച്ച് രണ്ടായി മുറിച്ച് നൽകിയതിന് ഇറ്റലിയിലെ ലേക്ക് കോമോ മേഖലയിലെ ജെറാ ലാറിയോയിലുള്ള ഒരു റെസ്റ്റോറന്റ് കസ്റ്റമറിൽ നിന്ന് രണ്ട് യൂറോ ( 180 രൂപ ) അധിക തുക ഈടാക്കിയിരുന്നു. സാൻവിച്ച് രണ്ടായി പകുത്തതോടെ ഒന്നിന് പകരം രണ്ട് പാത്രങ്ങൾ വേണ്ടി വന്നെന്നും അവ കഴുകാനുള്ള സമയം ഇരട്ടിയായെന്നുമാണ് അധിക തുക ഈടാക്കാനുള്ള കാരണങ്ങളിൽ ഉടമ വിശദീകരിച്ചത്.
ഇറ്റലിയിലെ തന്നെ സിസിലിയിലെ പാലെർമോയിലെ ഒരു റെസ്റ്റോറന്റിൽ പിറന്നാൾ കേക്ക് 20 കഷണങ്ങളായി മുറിച്ച് നൽകിയതിന് സർവീസ് ചാർജ്ജായി 20 യൂറോ അഥവാ 1800 രൂപ ഈടാക്കിയിരുന്നു.