saji

കോട്ടയം: ജില്ലാ യുഡിഎഫ് ചെയർമാൻ സജി മഞ്ഞക്കടമ്പിലിന്റെ രാജിയിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് കോൺഗ്രസ്. പറഞ്ഞ് പരിഹരിക്കാമായിരുന്ന പ്രശ്നം ജോസഫ് ഗ്രൂപ്പ് വഷളാക്കിയെന്നും കോൺഗ്രസ് വിമർശിച്ചു. സജിയുടെ രാജി മുന്നണി പ്രവർത്തകരിൽ ആശയക്കുഴപ്പമുണ്ടാക്കിയെന്നും കോൺഗ്രസ് വിലയിരുത്തി. ഇക്കാര്യത്തിലെ അതൃപ്തി പിജെ ജോസഫിനെ കോൺഗ്രസ് അറിയിച്ചു.

പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങൾ തുടങ്ങിയെന്നാണ് നിലവിൽ ജോസഫ് ഗ്രൂപ്പ് നൽകുന്ന സൂചന. മുന്നണിയുടെ വിജയസാദ്ധ്യതയെ ബാധിക്കാതെ പ്രശ്നം പരിഹരിക്കാമെന്ന നിലപാടിലാണ് കോൺഗ്രസ്. മുന്നണിയും പാർട്ടിയും തന്നെ അവഗണിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു സജി മഞ്ഞക്കടമ്പിലിന്റെ രാജി. മോൻസ് ജോസഫുമായുള്ള അഭിപ്രായ ഭിന്നതകളാണ് സജിയുടെ രാജിയിൽ കലാശിച്ചത്. ജോസഫ് ഗ്രൂപ്പിന്റെ കോട്ടയത്തെ മുതിർന്ന നേതാവ് കൂടിയാണ് സജി. പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നുവെന്നും രാജിക്ക് ശേഷം സജി മഞ്ഞക്കടമ്പിൽ പറ‌ഞ്ഞിരുന്നു.

കോട്ടയത്ത് സ്ഥാനാർത്ഥിയാവാൻ ആഗ്രഹിച്ചയാളാണ് സജി മഞ്ഞക്കടമ്പിൽ. അദ്ദേഹം പരസ്യമായി ഇക്കാര്യം പറയുകയും ചെയ്തിട്ടുണ്ട്. പിന്നീട് പിജെ ജോസഫ് ഇടപെട്ട് നിയമസഭാ തിരഞ്ഞെടുപ്പിൽ പരിഗണിക്കാമെന്ന് പറഞ്ഞ് അനുനയിപ്പിക്കുകയായിരുന്നു. തുടർന്ന് അദ്ദേഹം തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സഹകരിക്കാൻ തുടങ്ങി. പിന്നാലെയാണ് മാറ്റിനിർത്തുന്നുവെന്ന തോന്നൽ സജിക്കുണ്ടായത്.