
തിരുവനന്തപുരം: കുട്ടിപ്പട്ടാളങ്ങളുടെ പരീക്ഷാക്കാലം കഴിഞ്ഞു, സ്കൂളുകളും അടച്ചു. കുട്ടികൾക്കായി സംസ്ഥാന നഗരിയിൽ വിവിധയിടങ്ങളിൽ വേനൽക്കാല ക്യാമ്പുകളും ആരംഭിച്ചു. മൊബൈൽഫോണുകളുടെ ഉപയോഗം കുറയ്ക്കാനും അവരെ കൂടുതൽ ചിന്തിപ്പിക്കാനും ഇത്തരം ക്യാമ്പുകൾ കൊണ്ട് സാധിക്കും.
കേരള സ്റ്റേറ്റ് ജവഹർ ബാലഭവന്റെ നേതൃത്വത്തിൽ 'ഇളംമൊട്ടുകൾ' എന്ന അവധിക്കാല ക്ലാസുകളും ആരംഭിച്ചു. 4 മുതൽ16വരെ പ്രായമായ കുട്ടികൾക്കാണ് പ്രവേശനം. 3ന് ആരംഭിച്ച ക്ലാസിൽ ഇതിനോടകം 1500 കുട്ടികൾ രജിസ്റ്റർചെയ്തു. നാല് പാക്കേജാണ് പാഠ്യവിഷയങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. വാഹനസൗകര്യവും ലഭ്യമാണ്. കുട്ടികളിലെ സർഗ്ഗാത്മക കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും കുട്ടികളിലെ മാനസികോല്ലാസം വളർത്താനും ഈ ക്യാമ്പിലൂടെ സാധിക്കുമെന്ന് എക്സിക്യൂട്ടിവ് ഓഫീസർ ഒ.കെ. രാജൻ പറഞ്ഞു. വിശദവിവരങ്ങൾക്ക്: 2316477, 8590774386
സമ്മർ ചിൽ... കോട്ടൺ ഹിൽ...
കോട്ടൺ ഹിൽ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ കൂട്ടുകാർക്കായി പുറംകാഴ്ചകളേയും പുറംലോകത്തേയും കുറിച്ച് അറിയാൻ നിരവധി ക്ലാസുകളാണ് ഒരുക്കിയിരിക്കുന്നത്. സമ്മർ ചില്ലിലൂടെ ആനന്ദത്തോടെ കൂട്ടുകാർ അറിവ് നേടുകയാണ്. ഐസ് ബ്രേക്കിംഗ്, മൊബൈൽ ഫിലിം മേക്കിംഗ്, വിവിധ ഗെയ്മുകൾ, ഫിലിം ഫെസ്റ്റിവൽ, ശില്പശാല,3ഡി ഫോട്ടോഗ്രഫി, എക്സിബിഷൻ തുടങ്ങി നിരവധി കോഴ്സുകളാണ് ഒരുക്കിയിരിക്കുന്നത്. 1ന് തുടങ്ങിയ ഈ ക്യാമ്പിൽ ഇതുവരെ 96 പേർ രജിസ്റ്റർ ചെയ്തു.
സമ്മർ സ്കൂൾ
4 മുതൽ 13 വരെ പ്രായമായ കൂട്ടുകാർക്ക് ഈ വേനൽക്കാലം ആനന്ദകരമാക്കാൻ വൈ.എം.സി.എ യുടെ നേതൃത്വത്തിൽ രണ്ട് മാസ സമ്മർ സ്കൂൾ ആരംഭിച്ചു. ഗിറ്റാർ, കീബോർഡ്, കരാട്ടെ, കിഡ്സ്‌മോൾഡിംഗ് പ്രോഗ്രാം, ലൈഫ്സ്‌ക്കിൽ ട്രെയിനിംഗ് പ്രോഗ്രാം, പബ്ലിക്ക് സ്പീക്കിംഗ്, ലിറ്റിൽ ഷെഫ്, പേഴ്സണാലിറ്റി ഡെവലപ്പ്‌മെന്റ്, മ്യൂസിക്, ഡാൻസ്, ആർട്ട്,ക്രാഫ്റ്റ്, യോഗ, കമ്മ്യൂണിക്കേഷൻ സ്‌ക്കിൽ,സ്കൂമ്പാ, ഡ്രോയിംഗ്, ടേബിൾ ടെന്നീസ് തുടങ്ങിയ ക്ലാസുകളാണ് ഇവിടെ നടക്കുന്നത്. വിശദവിവരങ്ങൾക്ക്: 9946310681
സ്പോർട്സ് കൗൺസിലിന്റെ സമ്മർ കോച്ചിംഗ് ക്യാമ്പ്
കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സെൻട്രൽ സ്റ്റേഡിയത്തിൽ സമ്മർ കോച്ചിംഗ് ക്യാമ്പും ആരംഭിച്ചു. ബാസ്‌കറ്റ്ബാൾ, ഫുഡ്ബാൾ, വോളിബാൾ, അത്‌ലറ്റിക്സ്, ബേസ്ബോൾ, ഹാൻബാൾ, ജിംനാസ്റ്റിക്സ്, ക്രിക്കറ്റ്, ഫെൻസിംഗ്, ഗുസ്തി, ബോക്സിംഗ്,റോളർ എസ്റ്റിമേറ്റ്, ബാഡ്മിന്റൺ എന്നിവയ്ക്കാണ് കോച്ചിംഗ് സംഘടിപ്പിച്ചിരിക്കുന്നത്. ഇതുവരെ 315പേർ രജിസ്റ്റർ ചെയ്തു. വിവരങ്ങൾക്ക്: 0471 2330167,0471 2331546
ബാഡ്‌മിന്റൺ, ടെന്നീസ് കോച്ചിംഗ് ക്യാമ്പ്
വഴുതക്കാട് ശ്രീമൂലം ക്ലബിന്റെ ആഭിമുഖ്യത്തിൽ ബാഡ്‌മിന്റൺ, ടെന്നീസ് കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു. ഇതുവരെ 18 കുട്ടികൾ രജിസ്റ്റർ ചെയ്തു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 10 കുട്ടികൾക്ക് സൗജന്യ പരിശീലനം നൽകുന്നതാണ്. രാവിലെ 9.30 മുതൽ 11.30 വരെയാണ് ക്ലാസ്.
അഗസ്ത്യം വേനൽക്കളരി
അഗസ്ത്യത്തിലെ വേനൽക്കാല പഠനക്യാമ്പുകൾ ആരംഭിച്ചു. നേമത്തെ അഗസ്ത്യം കളരിയിലും മ്യൂസിയം സബ് സെന്ററിലുമാണ് രണ്ടു മാസത്തെ ക്യാമ്പുകൾ സംഘടിപ്പിച്ചിരിക്കുന്നത്. 6 വയസുമുതലുള്ള കുട്ടികൾക്ക് ക്യാമ്പിൽ പങ്കെടുക്കാം. ആയോധനമുറകൾ, കളരി അവബോധം എന്നിവയ്ക്ക് പുറമേ വ്യത്യസ്ത മേഖലയിലുള്ളവർ നയിക്കുന്ന പ്രത്യേക സെക്ഷനുകളും ക്യാമ്പിലുണ്ടാവും. വിവരങ്ങൾക്ക്: 8848482913
വാസ്‌തുവിദ്യാ ഗുരുകുലം
വാസ്‌തുവിദ്യാ ഗുരുകുലത്തിൽ കുട്ടികൾക്കായി അവധിക്കാല പഠനക്ലാസുകൾ അനന്തവിലാസം കൊട്ടാരത്തിൽ 11ന് ആരംഭിക്കും. ചിത്രകല, മാജിക്,കഥാ-കവിതാക്ലാസുകൾ,സാഹിത്യപരിചയം,നാടൻപാട്ടുകൾ,പഠനയാത്രകൾ, സാഹിത്യ - സാംസ്കാരികം തുടങ്ങിയവയാണ് പഠന വിഷയങ്ങൾ. www.vasthuvidyagurukulam.com എന്ന വെബ്സൈറ്റിൽ ഇന്നുവരെ ഓൺലൈനായി അപേക്ഷിക്കാം. ഫോൺ:9446134419,8075409550
സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ സമ്മർ സ്കൂൾ
സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ സമ്മർ സ്കൂൾ 17 മുതൽ മേയ് 17 വരെ നടക്കും. ലൈബ്രറി അംഗങ്ങളുടെ 6 മുതൽ 10ാം ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് സ്കൂൾ ഐ.ഡി, രണ്ടു ഫോട്ടോ എന്നിവയുമായി അപേക്ഷിക്കാം. സംവാദം, വിവിധ ക്ലാസുകൾ,മത്സരങ്ങൾ, കലാ പരിപാടികൾ തുടങ്ങിയവ ഉണ്ടായിരിക്കും. വിവരങ്ങൾക്ക്: 9895322895,0471 2322895