s

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാക്കളുടെ വീട്ടിൽ റെയ്ഡ് നടത്തി രണ്ടുപേരെ അറസ്റ്റുചെയ്ത എൻ.ഐ.എ ഉദ്യോഗസ്ഥർക്കെതിരെ ലൈംഗികാതിക്രമ പരാതിയിൽ കേസെടുത്ത് ബംഗാൾ പൊലീസ്. എൻ.ഐ.എ സംഘത്തെ ജനക്കൂട്ടം ആക്രമിച്ച് മണിക്കൂറുകൾക്കകമാണ് കേസെടുത്തത്. 2022ലെ ഭൂപതി നഗർ സ്‌ഫോടനവുമായി ബന്ധപ്പെട്ട് മനാബ്രോട്ടോ ജന, ബാലൈ മൈതി എന്നീ തൃണമൂൽ പ്രവർത്തകരെ ശനിയാഴ്ചയാണ് എൻ.ഐ.എ അറസ്റ്റ് ചെയ്തത്. തുടർന്ന് എൻ.ഐ.എ സംഘത്തെ ജനക്കൂട്ടം ആക്രമിച്ചു. രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.

എൻ.ഐ.എ നടപടിയെ രൂക്ഷമായി വിമർശിച്ച മുഖ്യമന്ത്രി മമത ബാനർജി എന്തിനാണ് അർദ്ധരാത്രി റെയ്ഡ് നടത്തിയതെന്നും സ്‌ത്രീകളെ ഉപദ്രവിച്ചതുകൊണ്ടാണ് ആക്രമിച്ചതെന്നും പ്രതികരിച്ചിരുന്നു. പിന്നാലെയാണ് ജനയുടെ ഭാര്യയുടെയും കുടുംബാംഗങ്ങളുടെയും പരാതിയിൽ ലൈംഗികാതിക്രമം, അതിക്രമിച്ച് കടക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി എൻ.ഐ.എ ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തത്. രാത്രി എൻ.ഐ.എ ഉദ്യോഗസ്ഥർ വീടിന്റെ വാതിൽ തകർത്ത് അകത്തുകയറിയെന്നും സ്ത്രീകളെ ഉപദ്രവിച്ചുവെന്നുമാണ് പരാതി.

അതേസമയം, ജനക്കൂട്ടം ആക്രമിച്ചതിൽ എൻ.ഐ.എയും പൊലീസിൽ പരാതി നൽകി.

കഴിഞ്ഞ ജനുവരിയിൽ അഴിമതിക്കേസിൽ തൃണമൂൽ നേതാവ് ഷെയ്ഖ് ഷാജഹാന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇ.ഡി ഉദ്യോഗസ്ഥരെയും ജനക്കൂട്ടം ആക്രമിച്ചിരുന്നു. ഇ.ഡി സംഘത്തോടൊപ്പമുണ്ടായിരുന്ന കേന്ദ്രസേനാംഗങ്ങളും അന്ന് ആക്രമിക്കപ്പെട്ടിരുന്നു.

''കേന്ദ്ര ഏജൻസിയെ ആക്രമിക്കുക എന്നാൽ ഇന്ത്യൻ ഭരണഘടനയെ ആക്രമിക്കുക എന്നാണ്. എൻ.ഐ.എ ഉദ്യോഗസ്ഥരെ അവരുടെ ചുമതലകൾ വഹിച്ചതിന്റെ പേരിൽ പീഡിപ്പിക്കുന്നത് ഭരണഘടനാ സ്ഥാപനങ്ങളുടെ തകർച്ചയുടെ സൂചനയാണ്.

-സമിക് ഭട്ടാചാര്യ,

ബി.ജെ.പി നേതാവ്

''ബംഗാൾ സർക്കാർ പ്രകോപനം സൃഷ്ടിക്കുകയാണ്. ഉദ്യോഗസ്ഥരെ ആക്രമിച്ച ആരെയും അറസ്റ്റുചെയ്തില്ല. പകരം ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തത് ദൗർഭാഗ്യകരമാണ്.

-സുജൻ ചക്രവർത്തി,

സി.പി.എം നേതാവ്