
ന്യൂഡൽഹി: ഐപിഎൽ വാതുവയ്പ്പ് കേസിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്ത് രക്ഷപ്പെട്ടത് നിയമത്തിന്റെ അഭാവം കാരണമാണെന്ന് ഡൽഹി മുൻ കമ്മിഷണർ നീരജ് കുമാർ പറഞ്ഞു. 37 വർഷം സേവനമനുഷ്ഠിച്ച ഐപിഎസ് ഓഫീസറായ നീരജ് കുമാർ ഡൽഹി പൊലീസ് കമ്മിഷണറായിരിക്കെ അദ്ദേഹത്തിന്റെ മാർഗനിർദേശപ്രകാരമാണ് സ്‌പെഷ്യൽ സെൽ ശ്രീശാന്തിനെയും സഹതാരങ്ങളായ അജിത് ചാന്ദില, അങ്കിത് ചവാൻ എന്നിവരെ അറസ്റ്റ് ചെയ്യുന്നത്.
ശക്തമായ തെളിവുകൾ ശ്രീശാന്തിനെതിരെ ഉണ്ടായിട്ടും രക്ഷപ്പെടാൻ കാരണമായത് കായിക രംഗത്തെ അഴിമതിക്കെതിരെ നിയമമില്ലാത്തത് കൊണ്ട് മാത്രമാണ്. ക്രിക്കറ്റ് രംഗത്തെ അഴിമതി ഗൗരവമായി നോക്കിക്കാണുന്നില്ല. ഒരു നിയമവും ഇതിനെതിരെ ഇല്ല. ഓസ്‌ട്രേലിയയിലും ന്യൂസിലാൻഡിലും നിയമമുണ്ട്. എന്തിന് സിംബാവെയ്ക്ക് പോലും പ്രത്യേക നിയമമുണ്ട്'- നീരജ് കുമാർ പറഞ്ഞു.
2000ൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ടീമിന്റെ ഭാഗമായി മുൻ ഡൽഹി പൊലീസ് കമ്മീഷണർ ഹാൻസി ക്രോണിയ സ്‌പോട്ട്ഫിക്സിംഗ് അഴിമതിയിൽ ബന്ധപ്പെട്ടിരുന്നു. കായികരംഗത്തെ അഴിമതിക്കെതിരെ കേസെടുക്കുന്നതിലെ ഏറ്റവും വലിയ തടസ്സം നിയമത്തിന്റെ അഭാവമാണെന്നും അദ്ദേഹം പറഞ്ഞു.
2013 മേയ് 16നാണ് രാജസ്ഥാൻ റോയൽസ് ടീമംഗങ്ങളായിരുന്ന അജിത് ചാന്ദില,അങ്കിത് ചവാൻ എന്നിവർക്കൊപ്പം സ്‌പോട്ട്ഫിക്സിംഗ് കേസിൽ ശ്രീശാന്തിനെ അറസ്റ്റ് ചെയ്യുന്നത്. ഗുരുതരമായ ചാർജുകളായിരുന്നു കുറ്റപത്രത്തിൽ . തിഹാർ ജയിലിലേക്കാണ് വിചാരണത്തടവുകാരനായി മാറ്റിയത്. ഇതോടെ ബിസിസിഐ ആജീവനാന്തകാലത്തേക്ക് വിലക്കി.
പിന്നീട് സുപ്രീം കോടതിയിലെ നിയമപോരാട്ടത്തിനൊടുവിൽ ശ്രീശാന്തിനെ കുറ്റവിമുക്തനാക്കുന്നു. അപ്പോഴും ബിസിസിഐയുടെ ആജീവനാന്തവിലക്ക് നിലനിൽക്കുകയായിരുന്നു. ഈ വിലക്ക് റദ്ദാക്കാനായിരുന്നു പിന്നീടുളള പോരാട്ടം. ആജീവനാന്തവിലക്ക് ശരിവച്ച കേരള ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. ന്യായമായ രീതിയിൽ വിലക്ക് പുനക്രമീകരിക്കാൻ ബിസിസിഐയോട് കോടതി ആവശ്യപ്പെട്ടു. തുടർന്ന് വിലക്ക് ഏഴുവർഷത്തേക്കാക്കി മാറ്റി. അടുത്ത വർഷത്തോടെ കളിക്കളത്തിലിറങ്ങാൻ അനുവാദവും നൽകി.