
ചെന്നൈ: ട്രെയിനിൽ കടത്താൻ ശ്രമിച്ച നാലു കോടി രൂപയുമായി ബി.ജെ.പി പ്രവർത്തകനടക്കം മൂന്നുപേർ പിടിയിൽ. ചെന്നൈ താംബരം റെയിൽവേ സ്റ്റേഷനിൽ ഇന്നലെ രാത്രി തിരഞ്ഞെടുപ്പ് കമ്മിഷൻ ഫ്ളൈയിംഗ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. ബി.ജെ.പി പ്രവർത്തകനായ എസ്.സതീഷ് (33), ഇയാളുടെ സഹോദരൻ നവീൻ(31), ഡ്രൈവർ പെരുമാൾ (26) എന്നിവരെ പൊലീസ് അറസ്റ്രുചെയ്തു. വോട്ടർമാർക്ക് വിതരണം ചെയ്യാൻ കൊണ്ടുപോയ പണമാണിതെന്നാണ് സൂചന. ബാഗുകളുമായി മൂന്നംഗ സംഘം ട്രെയിനിൽ കയറിയെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തെരച്ചിൽ.
ചെന്നൈയിൽ നിന്ന് തിരുനെൽവേലിയിലേക്ക് പോവുകയായിരുന്ന നെല്ലയ് എക്‌സ്‌പ്രസിന്റെ എ.സി കമ്പാർട്ട്‌മെന്റിൽ നിന്നാണ് ആറ് ബാഗുകളിലായി സൂക്ഷിച്ചിരുന്ന പണം പിടിച്ചെടുത്തത്. ബി.ജെ.പി സ്ഥാനാർത്ഥി നൈനാർ നാഗേന്ദ്രന്റെ നിർദ്ദേശപ്രകാരമാണ് പണം എത്തിച്ചതെന്നാണ് പ്രതികൾ മൊഴി നൽകിയത്. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
19നാണ് തമിഴ്‌നാട്ടിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാനത്തുടനീളം ശക്തമായ പരിശോധനകളാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ നടത്തുന്നത്. കള്ളപ്പണം തടയുന്നതിന്റെ ഭാഗമായാണിത്.