
ഭുവനേശ്വർ: ഒഡിഷ ബി.ജെ.പി വൈസ് പ്രസിഡന്റ് ലേഖശ്രീ സാമന്തസിങ്കർ ബി.ജെ.ഡിയിൽ ചേർന്നു. ഒഡിഷയിൽ നിന്ന് ബി.ജെ.ഡിയിൽ ചേരുന്ന രണ്ടാമത്തെ ബി.ജെ.പി വൈസ് പ്രസിഡന്റാണ് ലേഖശ്രീ. നേതൃത്വത്തിന്റെ വിശ്വാസം നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് പാർട്ടി വിടാൻ തീരുമാനിച്ചതെന്ന് സംസ്ഥാന അദ്ധ്യക്ഷന് നൽകിയ രാജിക്കത്തിൽ ലേഖശ്രീ വ്യക്തമാക്കി.
എം.പിമാരായ മനസ് മങ്കരാജ്, സസ്മിത് പത്ര എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ലേഖശ്രീ ബി.ജെ.ഡിയിൽ ചേർന്നത്. തന്നെ സ്വീകരിച്ചതിന് ബി.ജെ.ഡിയോട് നന്ദി പറയുന്നുവെന്നും മുഖ്യമന്ത്രി നവീൻ പട്‌നായിക്കിന്റെ വികസന പ്രവർത്തനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പാർട്ടിക്കുവേണ്ടി പരമാവധി പ്രവർത്തിക്കുമെന്നും ലേഖശ്രീ പറഞ്ഞു.