ഗാസ:ഇസ്രയേൽ - പാലസ്തീൻ യുദ്ധം ഇന്നലെ ആറു മാസം പൂർത്തിയാകുമ്പോൾ ഗാസയിൽ മരണവും രോഗങ്ങളും പട്ടിണിയും താണ്ഡവമാടുന്നു. വൈദ്യുതിയും വെള്ളവും ഇല്ല. പാലസ്തീന്റെ ഭാഗമായ വെസ്റ്റ് ബാങ്കിലും ദുരിതങ്ങളാണ്. ഹമാസിനെ തകർക്കുക എന്ന ലക്ഷ്യം എളുപ്പമല്ല ഇസ്രയേലിന്. ബന്ദികളെ മോചിപ്പിക്കാനും കഴിഞ്ഞിട്ടില്ല. സമ്പൂർണ വിജയം എന്ന വാഗ്ദാനം പാലിക്കാത്ത പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ ഇസ്രയേലിൽ പ്രതിഷേധം ശക്തമാണ്.
അന്താരാഷ്‌ട്ര തലത്തിലും ഇസ്രയേൽ ഒറ്റപ്പെട്ടിട്ടുണ്ട്. ഹിറ്റ്ലർ 60ലക്ഷം ജൂതരെ കൂട്ടക്കൊല ചെയ്‌തശേഷം നിലവിൽ വന്ന ജൂതരാഷ്‌ട്രമായ ഇസ്രയേൽ ഇന്ന് പാലസ്‌തീനികളോട് ചെയ്യുന്നതും വംശീയ ഉന്മൂലനമല്ലേ എന്ന ചോദ്യം ശക്തമാണ്.
അമേരിക്കയും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ കൈവിട്ട പോലെയാണ്. ജീവകാരുണ്യ പ്രവർത്തകരും കൊല്ലപ്പെടുന്നു. ഗാസയിൽ ഭക്ഷണം എത്തിച്ച വേൾഡ് സെൻട്രൽ കിച്ചണിലെ ഏഴു പേരെ ഇസ്രയേൽ വധിച്ചതും അമേരിക്കയെ രോഷം കൊള്ളിച്ചു.
സിറിയയിലെ ഇറാൻ എബസി ഇസ്രയേൽ പോർവിമാനങ്ങൾ ആക്രമിച്ച് ഇറാൻ ജനറൽ കൊല്ലപ്പെട്ടിരുന്നു. അതോടെ ഇസ്രയേലിനോട് പ്രതികാരം ചെയ്യുമെന്നാണ് ഇറാന്റെ പ്രഖ്യാപനം. ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ള ഗ്രൂപ്പുമായി ലബനൺ അതിർത്തിയിലെ ഇസ്രയേലിന്റെ സംഘർഷം തുടരുന്നു. യെമനിലെ ഹൂതി വിമതർ ചെങ്കടലിൽ ഇസ്രയേൽ അനുകൂല കപ്പലുകൾ ആക്രമിക്കുന്നു. പശ്ചിമേഷ്യയാകെ യുദ്ധം വ്യാപിക്കുമെന്നാണ് ആശങ്ക.ഇന്നലെ കെയ്‌റോയിൽ പുനരാരംഭിച്ച സമാധാന ചർച്ചയിൽ ഉടൻ വെടിനിറുത്തലിനാണ് അമേരിക്കയുടെ ശ്രമം. കഴിഞ്ഞ വർഷം ഒക്ടോബർ 7ന് ഹമാസ് ഇസ്രയേലിനെ ആക്രമിച്ചതോടെയാണ് യുദ്ധം തുടങ്ങുന്നത്.
ടുദ്ധം നൽകിയ തീരാദുരിതം
ഇസ്രയേൽ ആക്രമണത്തിൽ
ഗാസയിൽ മരണം 33,137
കുട്ടികൾ 13,800
പരിക്കേറ്റ കുട്ടികൾ 12,009
കാലുകൾ മുറിച്ച കുട്ടികൾ 1000
പരിക്കേറ്റവർ 75,815
കൊല്ലപ്പെട്ട മാദ്ധ്യമപ്രവർത്തകർ 95
ആരോഗ്യപ്രവർത്തകർ 484
വീടില്ലാതായ പാലസ്തീനികൾ 17ലക്ഷം
36 ആശുപത്രികളിൽ 26 എണ്ണം തകർത്തു
6ലക്ഷം വിദ്യാർത്ഥികൾക്ക് സ്കൂളുകൾ ഇല്ലാതായി
റാഫയിൽ 15ലക്ഷം അഭയാർത്ഥികൾ
വെസ്റ്റ് ബാങ്കിൽ മരണം 456
പരിക്കേറ്റവർ 4,750
ഹമാസ് ആക്രമണത്തിൽ
ഇസ്രയേലിൽ മരണം 1,200
ബന്ദികളായത് 253 ഇസ്രയേലികൾ
34ബന്ദികൾ മരിച്ചെന്ന് റിപ്പോർട്ട്
ബന്ദികൾക്ക് ഹമാസിന്റെ ക്രൂരപീഡനം
ലബനണിൽ ഹിസബുള്ള ഏറ്റമുട്ടലിൽ മരണം 343
സേനാപിന്മാറ്റം
തെക്കൻ ഗാസയിൽ നിന്ന് ഇസ്രയേൽ ആയിരക്കണക്കിന് സൈനികരെ പിൻവലിച്ചു. ഒരു ബ്രിഗേഡ് ഒഴികെ മുഴുവൻ സേനയെയും പിൻവലിച്ചതായും കൂടുതൽ ഓപ്പറേഷനുകൾക്കായി സേനയെ പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമാണിതെന്നും ഇസ്രയേൽ അറിയിച്ചു.
വിജയത്തിൽ നിന്ന് ഒരു പടി മാത്രം അകലെയാണ് ഇസ്രയേൽ. ഹമാസ് ഇസ്രയേലി ബന്ദികളെ മോചിപ്പിക്കുന്നതു വരെ വെടിനിറുത്തൽ ഇല്ല
--ബഞ്ചമിൻ നെതന്യാഹു, ഇസ്രയേൽ പ്രധാനമന്ത്രി.