
മലയാളത്തിന്റെ മഹാ സാഹിത്യ പ്രതിഭയാണ് സി. രാധകൃഷ്ണൻ. ഇരുപത്തിമൂന്നാം വയസ്സിൽ കേരള സാഹിത്യ അക്കാഡമി പുരസ്കാരം നേടുകയും, അതിനു മുമ്പേ കേന്ദ്ര സർക്കാരിൽ നേടിയ ജോലി നിർവഹിച്ചിരുന്ന സ്ഥലത്തു നിന്ന് അവധിക്ക് നാട്ടിലെത്തിയപ്പോൾ മാത്രം തൃശൂരിലെ അക്കാഡമി ഓഫീസിൽ പോയി പുരസ്കാരം കൈപ്പറ്റുകയും ചെയ്ത എളിമയുടെ പ്രതീകം. പറയുന്നതും പ്രവർത്തിക്കുന്നതും ഒരുപോലെ ആയിരിക്കണമെന്ന് നിർബന്ധബുദ്ധിയുള്ളയാൾ. സർക്കാർ സ്ഥാപനത്തിൽ ശാസ്ത്രജ്ഞനായി തുടർന്നിരുന്നുവെങ്കിൽ ചീഫ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനു ലഭിക്കാവുന്ന അടുത്തൂൺ പറ്റി സുഖമായി കഴിയേണ്ടയാൾ.
എന്നാൽ, ഔദ്യോഗിക രംഗത്തെ വേട്ടയുടെ കഥകൾ ചെറുപ്പത്തിലേ മനസ്സിലാക്കിയ അദ്ദേഹം സാഹിത്യത്തെ വരിച്ച് ഉദ്യോഗം ത്യജിച്ച് നാട്ടിലേക്ക് വണ്ടികയറുകയായിരുന്നു. അങ്ങനെ, എഴുത്തുകൊണ്ടു മാത്രം ജീവിക്കാമെന്നതിന് ഒന്നാന്തരം ഉദാഹരണമായി, അദ്ദേഹത്തിന്റെ ജീവിതം. ചില പത്രങ്ങളിൽ പത്രാധിപരായും കൺസൾട്ടന്റായുമൊക്കെ പ്രവർത്തിച്ച അദ്ദേഹം മലയാളത്തിന് എക്കാലവും മുതൽകൂട്ടായ നോവലുകളും കഥാസമാഹാരങ്ങളും ഉപന്യാസങ്ങളും ബാലസാഹിത്യവും ശാസ്ത്രകൃതികളും ആംഗലഭാഷയിൽ സ്വതന്ത്ര കൃതികളുമടക്കം നൂറിലധികം പുസ്തകങ്ങൾ രചിച്ചു. കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡും എഴുത്തച്ഛൻ പുരസ്കാരവും അടക്കം ഒട്ടനവധി ബഹുമതികൾ അദ്ദേഹം മലയാളത്തിനായി നേടിക്കൊടുത്തു.
കേന്ദ്ര സാഹിത്യ അക്കാഡമി ഉപദേശക സമിതി കൺവീനറായി അദ്ദേഹം പ്രവർത്തിച്ചിരുന്ന കാലം അക്കാഡമി പ്രവർത്തനങ്ങളുടെ സുവർണ കാലവുമായിരുന്നു. അദ്ദേഹത്തെ വിശിഷ്ടാംഗമായി നാമനിർദ്ദേശം ചെയ്തുകൊണ്ട് അക്കാഡമി അംഗീകാരവും നൽകി. യഥാർത്ഥത്തിൽ, അക്കാഡമി അദ്ദേഹത്തിനു നൽകിയ വിശിഷ്ടാംഗത്വം അക്കാഡമിക്കു തന്നെയുള്ള ബഹുമതി ആയിരുന്നുവല്ലോ. നേരത്തേ തന്നെ അദ്ദേഹം, ശതാബ്ദിയോളമെത്തുന്ന സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. എല്ലാംകൊണ്ടും ആ നന്മയുടെ വക്താവ് ആദരിക്കപ്പെട്ടു എന്ന് എല്ലാവരും കരുതി.
പക്ഷെ, ചിലർ ഒരു കെണിയൊരുക്കി കാത്തിരിക്കുകയായിരുന്നുവെന്ന് വിശിഷ്ടാംഗത്വത്തിൽ നിന്നുള്ള സി. രാധാകൃഷ്ണന്റെ രാജി വരെയെത്തുന്ന പിന്നീടുള്ള സംഭവവികാസങ്ങൾ തെളിയിച്ചിരിക്കുന്നു. അക്കാഡമി നിർവാഹക സമിതി അംഗമായി നേരത്തേ സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹത്തെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാൻ അദ്ദേഹത്തെ അറിയാവുന്ന മുഴുവൻ എഴുത്തുകാരും കൂടി നിർബന്ധിച്ചു. 2023 മാർച്ചിൽ തെരഞ്ഞെടുപ്പു നടന്നു. അദ്ദേഹം ഡൽഹി സർവകലാശാലയിൽ നിന്ന് വിരമിച്ച പ്രൊഫ. കുമുദ് ശർമ്മയോട് ഒറ്റ വോട്ടിന്റെ കുറവിൽ (50/49) പരാജയപ്പെട്ടു. സ്ഥാനാർത്ഥിത്വം അവതരിപ്പിച്ച എഴുത്തുകാർ തന്നെ അദ്ദേഹത്തെ കാലുവാരുകയായിരുന്നു എന്നത് ഇന്ന് അങ്ങാടിപ്പാട്ടാണ്!
നിഷ്ക്കളങ്കനായ അദ്ദേഹം അക്കാഡമിയിൽ വിശിഷ്ടാംഗമായി തുടർന്നുവെങ്കിലും തന്റെ ആദർശങ്ങൾ ബലികഴിക്കാൻ ഒരിക്കലും തയ്യാറായില്ല. അക്കാഡമി അതിന്റെ ഒരു കാലത്തെ അദ്ധ്യക്ഷനായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്റു രൂപംകൊടുത്ത തനതു നിയമാവലിയിൽ നിന്ന് ഓരോ തവണ വ്യതിചലിക്കുമ്പോഴും, സി. രാധാകൃഷ്ണൻ അവയോരോന്നും വിനയപൂർവം ചൂണ്ടിക്കാണിച്ചുകൊണ്ടിരുന്നു. ഒടുവിൽ അധികാരം അക്കാഡമിയെയും വിഴുങ്ങുന്നു എന്നു വന്നപ്പോൾ അദ്ദേഹത്തിന് രാജി മാത്രമേ കരണീയമായുള്ളൂ എന്നു തോന്നി. ആ രാജിക്കു മറുപടിയായി അക്കാഡമി അദ്ധ്യക്ഷന്റേതായി വന്ന പ്രസ്താവന സി. രാധകൃഷ്ണന്റെ പ്രവൃത്തി സാധൂകരിക്കുന്നതാവുകയും ചെയ്തു.
നമ്മുടെ ജനാധിപത്യ ഇന്ത്യ ഒരുപാട് സ്ഥാപനങ്ങളെ ലോകത്തിനു മാതൃകയായി നൽകി. ഓരോ സ്ഥാപനത്തിനും വ്യവസ്ഥാപിത മൂല്യങ്ങളുടെ ആശയാഭിലാഷങ്ങൾ പകർന്ന് അവയെ പുഷ്ടിപ്പെടുത്തുകയും, മുന്നോട്ടു നയിക്കുകയും ചെയ്തു. എന്നാൽ ആ നിലപാടുകൾക്കൊന്നും ഇവിടെ സ്ഥാനമില്ലെന്ന് സി. രാധാകൃഷ്ണന്റെ രാജിയിലേക്കു നയിച്ച സംഭവവികാസങ്ങൾ തെളിയിച്ചിരിക്കുന്നു. കേളത്തിൽ നിന്നുള്ളവരടക്കം പലരും പട്ടും വളയും സ്വപ്നംകണ്ട് ഒളിച്ചോടി മാളങ്ങളിലൊളിക്കുമ്പോൾ നമുക്ക് സി. രാധാകൃഷ്ണനോട് പറയാനുള്ളത് ഇത്രമാത്രമാണ്: 'മഹാത്മാവേ, ഞങ്ങൾ ജനങ്ങൾ അങ്ങയുടെ അഭിപ്രായത്തെ പിന്തുണയ്ക്കുന്നു. എപ്പോഴും ഞങ്ങളുടെ മനസ്സിൽ അങ്ങ് ഉണ്ടാകും!" ഭാരതപ്പുഴയിൽ തെളിഞ്ഞ നിഷ്കളങ്കതയുടെ ആ പ്രതീകം എന്നും പ്രവഹിച്ചുകൊണ്ടിരിക്കട്ടെ!
(കേന്ദ്ര സാഹിത്യ അക്കാഡമി ഉപദേശക സമിതി അംഗമായി ദീർഘകാലം പ്രവർത്തിച്ച എഴുത്തുകാരനാണ് ലേഖകൻ. 94463 08600)