share

കൊച്ചി: ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങളും ക്രൂഡോയിൽ വില കൂടാനുള്ള സാഹചര്യങ്ങളും കണക്കിലെടുത്ത് ഇന്ത്യൻ ഓഹരി വിപണിയിൽ നിക്ഷേപകർ കരുതലോടെ നീങ്ങുന്നു. പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങൾ ശക്തമാകുന്നതാണ് പ്രധാനമായും നിക്ഷേപകരുടെ നെഞ്ചിടിപ്പ് വർദ്ധിപ്പിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തെ പ്രധാന ഓഹരി സൂചികകൾ റെക്കാഡ് ഉയരത്തിലെത്തിയെങ്കിലും വലിയ ഒരു തകർച്ചയുടെ മുന്നൊരുക്കമാണിതെന്ന് പ്രമുഖ അനലിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു. സ്വർണവും വെള്ളിയും ഓഹരികളും ഡോളറും ഉൾപ്പെടെയുള്ള പ്രധാന മേഖലകളെല്ലാം ഒരു പോലെ റെക്കാഡുകൾ കീഴടക്കി കുതിക്കുന്നതിൽ അസ്വാഭാവികതയുണ്ടെന്ന് കൊച്ചിയിലെ പ്രമുഖ ധനകാര്യ വിദഗ്ദ്ധനും ചാർട്ടേഡ് അക്കൗണ്ടന്റുമായ ബിജു നാരായണൻ പറയുന്നു. ലോകം മുഴുവൻ വലിയ ധനകാര്യ കുമിള രൂപപ്പെടുന്നതിന്റെ സൂചനകൾ ശക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോഴത്തെ അമിതാവേശത്തിൽ നിക്ഷേപകർ വീണാൽ വലിയ നഷ്ടത്തിന് സാദ്ധ്യതയേറെയാണ്. ഏറെ കരുതലോടെ മാത്രം ചെറുകിട നിക്ഷേപകർ നേരിട്ട് ഓഹരി വിപണിയിൽ ഇടപെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമേരിക്കയിൽ നാണയപ്പെരുപ്പ ഭീഷണി ശക്തമായി തുടരുന്നതിനാൽ വിദേശ നിക്ഷേപ സ്ഥാപനങ്ങളും ഇന്ത്യൻ വിപണിയിൽ ‌ ഏറെ കരുതലോടെയാണ് നീങ്ങുന്നത്. മുഖ്യ പലിശ നിരക്കുകൾ കുറയാൻ ഫെഡറൽ റിസർവിന് താത്പര്യമുണ്ടെങ്കിലും നാണയപ്പെരുപ്പ ഭീഷണി ശക്തമായതാണ് പ്രധാന വെല്ലുവിളി. പലിശ കുറയാനുള്ള സാദ്ധ്യത മങ്ങിയതോടെ കഴിഞ്ഞ വാരം യു.എസ് ബോണ്ടുകളുടെ മൂല്യം കൂടുകയും ഡോളർ ശക്തിയാർജിക്കുകയും ചെയ്തു. ഇതോടെ വിദേശ നിക്ഷേപകർ ഇന്ത്യ ഉൾപ്പെടെയുള്ള പ്രമുഖ ഓഹരി വിപണികളിൽ നിന്നും പണം പിൻവലിക്കാൻ തുടങ്ങി. മാർച്ച് ആദ്യവാരത്തിൽ 350 കോടി രൂപയാണ് വിദേശ സ്ഥാപനങ്ങൾ ഇന്ത്യയിൽ നിന്ന് പിൻവലിച്ചത്.