
മുരിങ്ങയിലയുടെ അത്ഭുതകരമായ ആരോഗ്യഗുണങ്ങളെക്കുറിച്ച് അറിയാത്തവരാരുമില്ല. മുരിങ്ങയില കറിയാക്കി കഴിക്കുന്നവർ കേട്ടോളൂ, ജ്യൂസാക്കി കഴിച്ചാൽ ഗുണം കൂടുതലാണ്. ഈ സമയത്ത് ദാഹമകറ്റാൻ കൂടുതൽ ആളുകളും കുടിക്കാറുളളത് ജ്യൂസുകളാണ്. എന്നാൽ ജ്യൂസുകൾക്ക് കൂടുതൽ മധുരവും രുചിയും ലഭിക്കാൻ ചേർക്കുന്ന പഞ്ചസാരയും മറ്റുളള വസ്തുക്കളും നമ്മുടെ ആരോഗ്യത്തിന് ഗുണം ചെയ്യണമെന്നില്ല. മുരിങ്ങയില ഉപയോഗിച്ച് രുചികരമായ ജ്യൂസ് തയ്യാറാക്കി കുടിക്കുന്നത് ആരോഗ്യത്തിനും സൗന്ദര്യത്തിനും കൂടുതൽ ഗുണം ചെയ്യും.
അരക്കപ്പ് മുരിങ്ങയില ഒരു കപ്പ് വെള്ളം ചേർത്ത് നന്നായി മിക്സിയിൽ അടിച്ചെടുത്തതിന് ശേഷം അരിച്ചെടുത്ത് ജ്യൂസായി കുടിക്കാവുന്നതാണ്. ഇതിലേക്ക് നാരങ്ങാനീരും കൂടി ചേർത്താണ് കുടിക്കുന്നതെങ്കിൽ രോഗ പ്രതിരോധശേഷിയും വർദ്ധിപ്പിക്കുന്നതാണ്. ദോഷകാരികളായ ടോക്സിനുകളെ നീക്കം ചെയ്യാൻ ഈ പാനീയത്തിന് കഴിവുണ്ട്. കൂടാതെ ചർമ കോശങ്ങൾക്ക് യൗവനം നല്കി ചർമ്മത്തെ തിളക്കത്തോടെയും രക്ത പ്രസാദത്തോടെയും നിലനിറുത്തുന്നു.
ഇതിലെ ആന്റിഓക്സിഡന്റുകൾ കരൾ, തലച്ചോർ എന്നിവയുടെ ആരോഗ്യകരമായ പ്രവർത്തനം ഉറപ്പാക്കുന്നു. ഫ്രീറാഡിക്കലുകളെ നിയന്ത്രിച്ച് മാരക രോഗങ്ങളെ തടയും. ധാരാളം പ്രോട്ടീനുകളുള്ളതിനാൽ മസിലുകൾക്ക് ഉറപ്പ് നൽകും. വെറുംവയറ്റിൽ ജ്യൂസ് കുടിയ്ക്കുന്നത് ദഹനപ്രക്രിയ സുഗമമാക്കി ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കും.ഇരുമ്പിന്റെ സമ്പന്നമായ കലവറയായതിനാൽ മുരിങ്ങയില ജ്യൂസ് കുടിക്കുന്നത് വിളർച്ച തടഞ്ഞ് ഉന്മേഷം പകരാൻ സഹായിക്കും. പ്രമേഹരോഗികൾ മുരിങ്ങയില ജ്യൂസ് വെറുംവയറ്റിൽ കുടിയ്ക്കുന്നത് രക്തത്തിലെ പഞ്ചസാര ഗണ്യമായി കുറയ്‌ക്കും. വിശപ്പു കുറയ്ക്കുന്നതിനാൽ അമിതഭക്ഷണം തടഞ്ഞ് പൊണ്ണത്തടി ഒഴിവാക്കാം.