
പൂച്ചാക്കൽ : സുഹൃത്തിന്റെ കുത്തേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒഡീഷ സ്വദേശിനി റിത്വിക സാഹു (25) മരിച്ചു. പാണാവള്ളി പെരുമ്പളം കവലയ്ക്ക് സമീപത്തെ സ്വകാര്യ കമ്പനിയിൽ വച്ച് മാർച്ച് 31ന് വൈകിട്ടാണ് ജീവനക്കാരിയായ റിത്വികയെ ഒഡീഷ സ്വദേശി സാമുവൽ (28) കുത്തി പരിക്കേല്പിച്ചത്. ബൈക്കിലെത്തിയ ഇയാൾ കൃത്യത്തിനുശേഷം കടന്നു കളഞ്ഞു. നാട്ടിലേക്ക് കടന്ന ഇയാൾക്കായി പൂച്ചാക്കൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. ചികിത്സയിലായിരുന്ന റിത്വിക വെള്ളിയാഴ്ച രാത്രിയാണ് മരിച്ചത്. റിത്വികയും സാമുവലുമായി അടുപ്പത്തിലായിരുന്നു. എന്നാൽ, സാമുവലിന് വേറെ ബന്ധമുണ്ടെന്ന് മനസ്സിലാക്കി റിത്വിക ഒഴിവാക്കാൻ ശ്രമിച്ചതാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.