
കരുനാഗപ്പള്ളി : ലോകസഭ ഇലക്ഷനോടനുബന്ധിച്ച് എക്‌സൈസ് നടത്തിയ സ്‌പെഷ്യൽ ഡ്രൈവിൽ വിൽപ്പനക്കായി സൂക്ഷിച്ച 410 ഗ്രാം കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. തഴവ തെക്കുംമുറി മേക്ക് വലിയ വീട്ടിൽ ഷൈൻ (24 ), പുതിയകാവ് കടത്തൂർ മുറിയിൽ നടിയലയത്ത് പടീറ്റതിൽ വിഷ്ണു (24) എന്നിവരാണ് പിടിയിലായത്. അസി.എക്‌സൈസ് ഇൻസ്‌പെക്ടർ പി.എൽ.വിജിലാലിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കരുനാഗപ്പള്ളി കുതിരപ്പന്തി മാർക്കറ്റിന് സമീപത്തുള്ള വീട്ടിൽ നിന്ന് ഇവരെ കണ്ടെത്തിയത്. ആവശ്യപ്പെടുന്ന മുറക്ക് ലഹരി വസ്തുക്കൾ എത്തിച്ച് നൽകുന്ന സംഘത്തിൽ ഉൾപ്പെട്ടവരാണ് ഇവരെന്ന് സംശയിക്കുന്നു. വിശദമായ തുടരന്വേഷണത്തിന് നടപടികൾ ആരംഭിച്ചു.പ്രിവന്റീവ് ഓഫിസർ എസ്.ആർ.ഷെറിൻരാജ്, സിവിൽ എക്‌സെസ് ഓഫീസർമാരായ കെ.സാജൻ, ജിനു തങ്കച്ചൻ ,വനിത സിവിൽ എക്‌സെസ് ഓഫിസർ ജയലക്ഷ്മി എന്നിവർ റെയ്ഡിൽ പങ്കെടുത്തു. മദ്യം മയക്കുമരുന്നുകളുടെ ഉപഭോഗം ,വിതരണം എന്നിവ ശ്രദ്ധയിൽ പെട്ടാൽ 24 മണിക്കൂർ തുറന്ന് പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ പൊതുജനങ്ങൾക്ക് അറിയിക്കാം. 04762630831, 9400069456.