
കൊച്ചി: പശ്ചിമേഷ്യയിൽ രാഷ്ട്രീയ സംഘർഷം ശക്തമായതോടെ അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപ കടുത്ത സമ്മർദ്ദം നേരിടുന്നു. ഇസ്രയേലിനും അമേരിക്കയ്ക്കുമെതിരെ ഇറാൻ സൈനിക നടപടികൾ സ്വീകരിച്ചേക്കുമെന്ന വാർത്തകളെ തുടർന്ന് കഴിഞ്ഞ വാരാന്ത്യത്തിൽ രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ബാരലിന് 90 ഡോളറിന് അടുത്തേക്ക് ഉയർന്നതാണ് രൂപയ്ക്ക് തിരിച്ചടി സൃഷ്ടിച്ചത്. കഴിഞ്ഞ വാരം ഡോളറിനെതിരെ രൂപയുടെ മൂല്യം ഒരവസരത്തിൽ 83.43 വരെ താഴ്ന്നിരുന്നു. എണ്ണ കമ്പനികളും ഇറക്കുമതി സ്ഥാപനങ്ങളും വലിയ തോതിൽ ഡോളർ വാങ്ങുന്നതാണ് രൂപയുടെ മൂല്യയിടിവ് രൂക്ഷമാക്കിയത്. അതേസമയം റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്കിൽ മാറ്റം വരുത്താതെ ധനനയം പ്രഖ്യാപിച്ചതോടെ വെള്ളിയാഴ്ച ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ പന്ത്രണ്ട് പൈസയുടെ വർദ്ധനയുണ്ടായിരുന്നു.
ഈ വാരത്തിലും ഡോളറിനെതിരെ രൂപയുടെ മൂല്യം ദുർബലമാകാനാണ് സാദ്ധ്യതയെന്ന് വിദേശ നാണയ വിപണിയിലുള്ളവർ പറയുന്നു. കഴിഞ്ഞ വാരം 83.29ലാണ് രൂപ വ്യാപാരം പൂർത്തിയാക്കിയത്.