vistara

മുംബയ്: വിസ്താര വിമാനത്തിനുള്ളില്‍ പുകവലിക്കുകയും സീറ്റില്‍ മലവിസര്‍ജനം നടത്തുകയും ചെയ്ത് യുവാവ്. സംഭവത്തില്‍ ഫ്രഞ്ച് പൗരനായ ഹെന്റി ബ്രോക്‌സിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബ്രോക്‌സിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മുംബയിലെ സഹാര്‍ പോലീസിന് കൈമാറുകയായിരുന്നു. വിസ്താരയുടെ പാരീസ്-മുംബയ് വിമാനത്തിനുള്ളിലാണ് ഫ്രഞ്ച് പൗരന്‍ മോശമായി പെരുമാറിയത്.

പാരീസില്‍നിന്ന് മുംബയിലേക്ക് പറന്ന വിസ്താരയുടെ യു.കെ 024 വിമാനത്തിലാണു സംഭവം. യാത്രയ്ക്കിടയില്‍ ബ്രോക്‌സ് ആദ്യം സീറ്റിലിരുന്ന് പുകവലിച്ചു. മറ്റ് യാത്രക്കാരില്‍ ബ്രോക്‌സിന്റെ ഈ പ്രവര്‍ത്തിയില്‍ പരാതി ഉന്നയിച്ചതോടെ വിമാനത്തിലെ ജീവനക്കാര്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും യുവാവ് പുകവലി തുടര്‍ന്നു.

ഇതിനിടയിലാണ് സീറ്റില്‍ മലവിസര്‍ജനം നടത്തുക കൂടി ചെയ്തത്. ഇതോടെ മുംബയിലെ ഛത്രപതി ശിവാജി വിമാനത്താവളത്തിലെ സുരക്ഷാ വിഭാഗത്തിനു സംഭവത്തെക്കുറിച്ച് വിമാനത്തിലെ ജീവനക്കാര്‍ സന്ദേശം അയയ്ക്കുകയായിരുന്നു.

രാവിലെ 9.15ഓടെ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തതിനു പിന്നാലെ പ്രതിയെ വിസ്താര സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ സഹാര്‍ പൊലീസിനു കൈമാറുകയായിരുന്നു. വിമാനയാത്രയ്ക്കിടയിലെ മോശം പെരുമാറ്റത്തിന് ഇയാള്‍ക്കെതിരെ കേസെടുത്തു.

ഐ.പി.സി, വിമാന നിയമം എന്നിവയിലെ വിവിധ വകുപ്പുകളാണു ബ്രോക്‌സിനെതിരെ ചുമത്തിയത്. തുടര്‍ന്ന് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ 30,000 രൂപയുടെ ജാമ്യത്തുക കെട്ടിവച്ച ശേഷം വിട്ടയക്കുകയായിരുന്നു.