
ഒട്ടാവ: ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറുടെ വധത്തിന് പിന്നാലെ ഇന്ത്യക്കെതിരെ പുതിയ ആരോപണവുമായി കാനഡ. കനേഡിയൻ പൊതുതിരഞ്ഞെടുപ്പിൽ ഇന്ത്യയും പാകിസ്ഥാനും ഇടപെടാൻ ശ്രമിച്ചെന്നാണ് ആരോപണം. വാദം അടിസ്ഥാന രഹിതമെന്ന് ഇന്ത്യ തിരിച്ചടിച്ചു. മറ്റ് രാജ്യങ്ങളുടെ ജനാധിപത്യ പ്രക്രിയകളിൽ ഇടപെടുന്നത് ഇന്ത്യയുടെ നയമല്ലെന്നും മറിച്ച് കാനഡയാണ് ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതെന്നും വിദേശകാര്യ മന്ത്രാലയം പറയുന്നു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ കാനഡ ഇടപെടാൻ നടത്തിയ ശ്രമങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കമായാണ് റിപ്പോർട്ടിനെ ഇന്ത്യ കാണുന്നത്.
ഇന്ത്യയും പാകിസ്ഥാനും 2019ലും 2021ലും നടന്ന തിരഞ്ഞെടുപ്പുകളിൽ ഇടപെടാൻ ശ്രമിച്ചെന്ന് കാനഡയുടെ രഹസ്യാന്വേഷണ ഏജൻസിയായ കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസ് ( സി.എസ്.ഐ.എസ് ) ആണ് ആരോപിച്ചത്. വിദേശ ഇടപെടൽ സംബന്ധിച്ച ഫെഡറൽ അന്വേഷണത്തിന്റെ ഭാഗമായുള്ള റിപ്പോർട്ടിന്റെ ചില ഭാഗങ്ങൾ ഏജൻസി കഴിഞ്ഞ ദിവസം പുറത്തുവിടുകയായിരുന്നു.
കാനഡയുടെ വാദം
ഇന്ത്യയുടേത് അടക്കം വിദേശ ഇടപെടൽ സംബന്ധിച്ച അന്വേഷണം കാനഡ ആരംഭിച്ചെന്ന റിപ്പോർട്ടുകൾ ഫെബ്രുവരിയിൽ പുറത്തുവന്നതിന് പിന്നാലെ തന്നെ ഇന്ത്യ ശക്തമായി വിമർശിച്ചിരുന്നു.
കാനഡയിലെ ഇന്ത്യൻ വംശജരായ വോട്ടർമാരിൽ ഒരു ഭാഗം ഖാലിസ്ഥാൻ നിലപാടുകളോടും പാകിസ്ഥാൻ സംഘടനകളുമായും അനുഭാവമുള്ളവരാണെന്ന കണക്കുകൂട്ടലിൽ ചില പ്രത്യേക ഇലക്ടറൽ ഡിസ്ട്രിക്റ്റുകളെ ഇന്ത്യ ലക്ഷ്യമാക്കിയെന്നാണ് സി.എസ്.ഐ.എസ് റിപ്പോർട്ടിൽ പറയുന്നത്. ഒരു മദ്ധ്യസ്ഥ ഏജന്റിനെ ഉപയോഗിച്ചായിരുന്നു ഇന്ത്യൻ ഇടപെടലെന്നും ആരോപിക്കുന്നു.
ഇന്ത്യൻ അനുകൂല സ്ഥാനാർത്ഥികൾക്ക് ഇന്ത്യ സാമ്പത്തിക സഹായം നൽകിയിരിക്കാമെന്നും ഏജൻസി സംശയിക്കുന്നു. എന്നാൽ ഈ ആരോപണങ്ങൾക്കൊന്നും തെളിവുകൾ നിരത്തിയിട്ടില്ല. റിപ്പോർട്ടിലുള്ള വസ്തുതകൾ പൂർണമായും സ്ഥിരീകരിച്ചിട്ടില്ലെന്നാണ് സി.എസ്.ഐ.എസ് ഡയറക്ടർ ഡേവിഡ് വിഗ്‌നോൾട്ടിന്റെ പ്രതികരണം.
കനേഡിയൻ രാഷ്ട്രീയത്തിൽ തങ്ങളുടെ താത്പര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള രഹസ്യ പ്രവർത്തനങ്ങളിൽ പാകിസ്ഥാൻ ഏർപ്പെട്ടെന്നാണ് ആരോപണം. പാകിസ്ഥാൻ പ്രതികരിച്ചിട്ടില്ല.
തെളിവില്ല
നിജ്ജർ വധത്തിൽ ഇന്ത്യക്കെതിരെ തെളിവുകൾ നിരത്താൻ ഇതുവരെ കാനഡയ്ക്കായിട്ടില്ല. വധത്തിൽ ഇന്ത്യൻ ഏജന്റുമാർക്ക് ബന്ധമുണ്ടെന്ന് കനേഡിയൻ പാർലമെന്റിൽ ട്രൂഡോ പറഞ്ഞതോടെ ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്ര ഭിന്നത ഉടലെടുത്തിരുന്നു. ആരോപണങ്ങൾ നിഷേധിച്ച ഇന്ത്യ, ട്രൂഡോയുടെ പ്രസ്താവന രാഷ്ട്രീയ പ്രേരിതമാണെന്നും തെളിവുകൾ കൈമാറിയിട്ടില്ലെന്നും വ്യക്തമാക്കിയിരുന്നു.
നിരോധിത സംഘടനയായ ഖാലിസ്ഥാൻ ടൈഗർ ഫോഴ്സിന്റെ തലവനായിരുന്ന നിജ്ജർ (45) കഴിഞ്ഞ ജൂൺ 18നാണ് കാനഡയിൽ ബ്രിട്ടീഷ് കൊളംബിയയിലെ സറെയിലെ സിഖ് ഗുരുദ്വാരയ്‌ക്ക് മുന്നിൽ അജ്ഞാതരുടെ വെടിയേറ്റു മരിച്ചത്.