
മുംബയ്: കഴിഞ്ഞ സീസണ്‍ വരെ മുംബയ് ഇന്ത്യന്‍സ് താരമായിരുന്നു സൗത്താഫ്രിക്കയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ട്രിസ്റ്റ്യന്‍ സ്റ്റബ്‌സ്. ഈ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സില്‍ കളിക്കുന്ന താരം തന്റെ മുന്‍ ടീമിനെ അടിച്ച് വശംകെടുത്തിയെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല.
19 പന്തുകളില്‍ ഹാഫ് സെഞ്ച്വറി തികച്ച താരം 25 പന്തുകളില്‍ നിന്ന് 71 റണ്‍സ് നേടി പുറത്താകാതെ നിന്നു. എണ്ണം പറഞ്ഞ ഏഴ് പടുകൂറ്റന്‍ സിക്‌സറുകളും മൂന്ന് ഫോറുകളുമാണ് വാംഖഡെ സ്‌റ്റേഡിയത്തില്‍ സ്റ്റബ്‌സ് പായിച്ചത്. കൂറ്റനടികള്‍ക്ക് പേരുകേട്ട താരമാണെങ്കിലും മുംബയ് ടീമില്‍ കളിക്കുമ്പോള്‍ അത്തരം പ്രകടനങ്ങള്‍ ഒരിക്കലും പുറത്തെടുക്കാന്‍ സ്റ്റബ്‌സിന് കഴിഞ്ഞിരുന്നില്ല.
ഇതോടെയാണ് താരത്തെ ടീം കൈവിട്ടത്. അതില്‍ എന്തോ അരിശമുള്ളത് പോലെയായിരുന്നു സ്റ്റബ്‌സിന്റെ പ്രകടനം. മുംബയ് നിരയില്‍ ജസ്പ്രീത് ബുംറ ഒഴികെയുള്ള ബൗളര്‍മാര്‍ താരത്തിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. ഒരുവേള അവിശ്വസനീയ ജയം സമ്മാനിക്കുമെന്ന് തോന്നിയെങ്കിലും മറുവശത്ത് നിന്ന് പിന്തുണ കിട്ടാതെ വന്നതോടെ സ്റ്റബ്‌സിന്റെ തകര്‍പ്പന്‍ ഇന്നിംഗ്‌സ് പാഴായിപ്പോയി.
235 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളൂ. വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് ഡേവിഡ് വാര്‍ണറുടെ വിക്കറ്റ് 10(8) പെട്ടെന്ന് നഷ്ടമായി. പിന്നീട് പൃഥ്വി ഷാ 66(40), അഭിഷേക് പോരല്‍ സഖ്യം രണ്ടാം വിക്കറ്റില്‍ 88 റണ്‍സ് കൂട്ടിച്ചേര്‍ത്തു. റിഷഭ് പന്ത് 1(3) നിരാശപ്പെടുത്തി.