ksrtc

തിരുവനന്തപുരം: ഡ്യൂട്ടി സമയത്ത് മദ്യപിക്കുന്ന കെഎസ്ആര്‍ടിസി ജീവനക്കാരെ കയ്യോടെ പിടികൂടാനും ശിക്ഷിക്കാനും പുത്തന്‍ പരിഷ്‌കരണവുമായി മന്ത്രി ഗണേഷ്‌കുമാര്‍. ഡ്രൈവര്‍മാര്‍ മദ്യപിച്ച് വണ്ടിയോടിക്കുന്നത് തടയുന്നതിന് ബ്രെത്ത് അനലൈസര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കുന്നതാണ് ഇതില്‍ പ്രധാനപ്പെട്ട തീരുമാനം.

ജോലിക്ക് കയറുന്നതിന് മുമ്പ് ഡ്രൈവര്‍മാര്‍ ബ്രെത്ത് അനലൈസര്‍ ടെസ്റ്റ് നിര്‍ബന്ധമായും നടത്തിയിരിക്കണം. കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരില്‍ പലരും മദ്യപിച്ചാണ് ജോലിക്കെത്തുന്നതെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.

അപകടങ്ങള്‍ കുറയ്ക്കുന്നതിന് പുതിയ തീരുമാനം സഹായകമാകുമെന്നാണ് കണ്ടെത്തല്‍. അതോടൊപ്പം തന്നെ യാത്രക്കാരോട് മോശമായി പെരുമാറുന്നതിന് പിന്നിലെ പ്രധാന കാരണവും ഡ്യൂട്ടി സമയത്തെ മദ്യപാനമാണെന്ന കണ്ടെത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് പുത്തന്‍ തീരുമാനം. ഡ്രൈവര്‍മാർക്കും കണ്ടക്ടര്‍മാര്‍ക്കും പരിശോധന ബാധകമായിരിക്കും.

രാവിലെ പരിശോധനയ്ക്ക് ശേഷം ഇടയില്‍ മദ്യപിക്കുന്നില്ലെന്ന് ഉറപ്പ് വരുത്താന്‍ സ്‌ക്വാഡ് പരിശോധനയുണ്ടാകും. ഇതില്‍ പിടിക്കപ്പെട്ടാല്‍ പുതിയ ശിക്ഷാ രീതിയാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. മുമ്പ് നല്‍കിയിരുന്ന സ്ഥലംമാറ്റം സസ്‌പെന്‍ഷന്‍ എന്നിവ ഒഴിവാക്കി പകരം അഞ്ച് ദിവസം ശമ്പളം ഇല്ലാതെ ജോലി ചെയ്യണമെന്നതാണ് പുതിയ ശിക്ഷാ നടപടി.

സസ്‌പെന്‍ഷന്‍ പോലുള്ള കാര്യങ്ങള്‍ക്ക് കാലതാമസമുള്ളതുകൊണ്ടാണ് പുതിയ രീതി. ഈ ദിവസത്തെ ഡ്യൂട്ടി ഒരു കാരണവശാലും സര്‍വീസില്‍ കണക്കാക്കുകയില്ല. ഡിപ്പോകളിലെ ഓഫീസര്‍മാരെയും ബ്രെത്ത് അനലൈസര്‍ പരിശോധനയ്ക്ക് വിധേയമാക്കും.

കെഎസ്ആര്‍ടിസിയില്‍ ഭൂരിഭാഗം ജീവനക്കാരും നല്ലവരാണെന്നും എന്നാല്‍ ചിലരുടെ പ്രവര്‍ത്തിയാണ് മൊത്തം ജീവനക്കാര്‍ക്ക് പേരുദോഷമുണ്ടാക്കുന്നതെന്ന് മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ പറഞ്ഞു. ജനങ്ങളോട് ഒരു വിളച്ചിലും വേണ്ടെന്നും മന്ത്രി ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

ബസില്‍ സീറ്റുണ്ടെങ്കില്‍ യാത്രക്കാര്‍ കൈ കാണിച്ചാല്‍ നിര്‍ത്തണം, രാത്രിയാണെങ്കില്‍ 10 മണി മുതല്‍ പുലര്‍ച്ചെ ആറ് വരെയുള്ള സമയങ്ങളില്‍ യാത്രക്കാര്‍ പറയുന്നിടത്ത് ബസ് നിര്‍ത്തണം, നിര്‍ത്തുന്ന സ്ഥലം യാത്രക്കാര്‍ക്ക് കാണുന്ന രീതിയില്‍ എഴുതി പ്രദര്‍ശിപ്പിക്കണമെന്നും ഉത്തരവ്. മിന്നല്‍ സര്‍വീസുകള്‍ക്ക് ഒഴികെ ബാക്കി എല്ലാം സര്‍വീസുകള്‍ക്കും ഈ നിര്‍ദേശം ബാധകമായിരിക്കും.