
സീസണിലെ നാലാം മത്സരത്തിൽ മുംബയ് ഇന്ത്യൻസിന് ആദ്യ ജയം
ഡൽഹി ക്യാപ്പിറ്റൽസിനെ കീഴടക്കിയത് 29 റൺസിന്
മുംബയ് : ആദ്യ മൂന്ന് മത്സരങ്ങളിലും തോറ്റ് നാണംകെട്ടിരുന്ന മുംബയ് ഇന്ത്യൻസിന് നാലാം മത്സരത്തിൽ സീസണിലെ ആദ്യ വിജയം. നന്നലെ 29 റൺസിന് ഡൽഹി ക്യാപ്പിറ്റൽസിനെയാണ് ഹാർദിക് പാണ്ഡ്യയും സംഘവും തോൽപ്പിച്ചത്. സ്വന്തം തട്ടകമായ വാങ്കഡേ സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബയ് സീസണിലെ തങ്ങളുടെ ഏറ്റവും ഉയർന്ന സ്കോറായ 234/5 ഉയർത്തിയപ്പോൾ ഡൽഹിയുടെ മറുപടി 205/8ലൊതുങ്ങുകയായിരുന്നു. അഞ്ച് മത്സരങ്ങളിൽ ഡൽഹിയുടെ നാലാം തോൽവിയാണിത്.
രോഹിത് ശർമ്മ (49), ഇഷാൻ കിഷൻ (42),ഹാർദിക് പാണ്ഡ്യ (39),ടിം ഡേവിഡ് (45 നോട്ടൗട്ട്), റൊമാരിയോ ഷെപ്പേഡ് (39) എന്നിവരുടെ മികച്ച ബാറ്റിംഗാണ് മുംബയ്‌യെ കൂറ്റൻ സ്കോറിലെത്തിച്ചത്. ഡൽഹിക്ക് വേണ്ടി ആന്ദ്രേ നോർക്യേയും അക്ഷർ പട്ടേലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിംഗിൽ പൃഥ്വി ഷാ (66), ട്രിസ്റ്റൺ സ്റ്റബ്സ്(71), അഭിഷേക് പൊറേൽ (41) എന്നിവർ പൊരുതിയെങ്കിലും ഫലമുണ്ടായില്ല. നാലുവിക്കറ്റ് വീഴ്ത്തിയ ജെറാഡ് കോറ്റ്സെയും രണ്ട് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയും ചേർന്നാണ് ഡൽഹിയുടെ ചേസിംഗ് തകർത്തത്. അവസാന ഓവറിലെ 32ഉൾപ്പടെ 10 പന്തുകളിൽ 39 റൺസ് നേടുകയും ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്ത കരീബിയൻ താരം റൊമാരിയോ ഷെപ്പേഡാണ് കളിയിലെ മികച്ച താരം.
നേരത്തേ ടോസ് നഷ്ടപ്പെട്ടിറങ്ങിയ മുംബയ്ക്ക് വേണ്ടി രോഹിതും ഇഷാനും ചേർന്ന് ഏഴോവറിൽ 80 റൺസ് അടിച്ചുകൂട്ടിയിരുന്നു. 27 പന്തുകളിൽ ആറുഫോറും മൂന്ന് സിക്സുമടക്കം 49 റൺസിലെത്തിയ രോഹിതിനെ അക്ഷർ ബൗൾഡാക്കുകയായിരുന്നു. പരിക്ക് മാറി സീസണിലെ ആദ്യ മത്സരത്തിനിറങ്ങിയ സൂര്യകുമാർ യാദവ് നേരിട്ട രണ്ടാമത്തെ പന്തിൽതന്നെ ഡക്കായി മടങ്ങിയത് നിരാശയായി. ഇംപാക്ട് പ്ളേയറായാണ് സൂര്യ ഇറങ്ങിയത്. 23 പന്തുകളിൽ നാലുഫോറും രണ്ട് സിക്സുമടിച്ച ഇഷാൻ 12-ാം ഓവറിലാണ് പുറത്തായത്. അക്ഷറാണ് സ്വന്തം ബൗളിംഗിൽ ഇഷാനെ പിടികൂടിയത്. തുടർന്ന് തിലക് വർമ്മയേയും നോർക്യേ പുറത്താക്കിയെങ്കിലും ഹാർദിക്കും ടിം ഡേവിഡും ഷെപ്പേഡും ചേർന്ന് തകർത്തടിച്ച് 235ലെത്തിച്ചു.
മറുപടിക്കിറങ്ങിയ ഡൽഹിക്ക് വാർണറെ(10) തുടക്കത്തിലേ നഷ്ടമായെങ്കിലും പൃഥ്വി ഷായും അഭിഷേക് പൊറേലും പൊരുതി നിന്നതോടെ പ്രതീക്ഷവന്നു. നാലാം ഓവറിൽ ഷെപ്പേഡാണ് വാർണറെ വീഴ്ത്തിയത്. 12-ാം ഓവറിൽ ഷായെ മടക്കി അയച്ച് ബുംറ മുംബയ്‌യെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു. 15-ാം ഓവറിൽ പൊറേലിനെയും പുറത്താക്കിയത് ബുംറയാണ്. തുടർന്ന് സ്റ്റബ്സ് ഒരറ്റത്ത് പൊരുതിനിന്നെങ്കിലും മറ്റേയറ്റത്ത് റിഷഭ് പന്ത്(1),അക്ഷർ (8) പട്ടേൽ എന്നിവർ പുറത്തായത് തിരിച്ചടിയായി. അവസാന ഓവറിൽ കോറ്റ്സെ ലളിത് യാദവ് (3),കുമാർ കുശാഗ്ര(0), ജേയ് റിച്ചാർഡ്സൺ (2) എന്നിവരെ പുറത്താക്കി.
ഹാർദിക് പാണ്ഡ്യയുടെ ക്യാപ്ടൻസിക്ക് കീഴിൽ മുംബയ് ഇന്ത്യൻസിന്റെ ആദ്യ ജയം.
4,6,6,6,4,6
ആന്ദ്രേ നോർക്യേ എറിഞ്ഞ അവസാന ഓവറിൽ റൊമാരിയോ ഷെപ്പേഡിന്റെ സ്കോറിംഗ്. 32 റൺസാണ് നോർക്യേ ഈ ഓവറിൽ വഴങ്ങിയത്. സീസണിൽ ഒരോവറിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ ബൗളറായി മാറിയ നോർക്യേ ആകെ നാലോവറിൽ 65 റൺസാണ് വിട്ടുകൊടുത്തത്.