തിരുവനന്തപുരം: മുതലപ്പൊഴി താഴംപള്ളി സെന്റ് ജയിംസ് ഇടവകയിലെ സെമിത്തേരിയുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഇടവകയിലെ ഒരു കൂട്ടം വിശ്വാസികൾ വെള്ളയമ്പലം ബിഷപ്പ് ഹൗസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.

ബിഷപ്പിനെ കാണാനെത്തിയ ഇടവക വിശ്വാസികളെ പൊലീസ് അകത്തേക്ക് കടത്തിവിട്ടില്ല. ക്ഷുഭിതരായ ഇവർ മതിൽ ചാടിക്കടന്ന് ബിഷപ്പിനെതിരെ മുദ്രാവാക്യം വിളിച്ചു. തുടർന്ന് ഇടവകയിലെ പത്തുപേരെ ചർച്ചയ്ക്കായി അകത്തേക്ക് കടത്തിവിട്ടു. എന്നാൽ ചർച്ച പരാജയപ്പെട്ടതോടെ കൂടുതൽ പേർ അകത്ത് പ്രവേശിക്കുകയും സംഘർഷമുണ്ടാകുകയുമായിരുന്നു.

താഴംപള്ളി ഇടവകയിലെ സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കാനുള്ള സൗകര്യം കുറഞ്ഞതിനാൽ ഇടവക വിശ്വാസികളുടെ ആവശ്യം അംഗീകരിച്ച് നിലവിലുണ്ടായിരുന്ന സെമിത്തേരി പൊളിച്ച് അറകളായി കെട്ടാൻ തീരുമാനിച്ചു. രണ്ട് ദിവസത്തെ പണിക്കൊടുവിൽ ഒരു വ്യക്തിയുടെ കുടുംബ കല്ലറ പൊളിക്കുന്നതിന് മുമ്പ് ബിഷപ്പ് ഹൗസിൽ നിന്ന് സ്റ്റേ ഓർഡറെത്തി. ഇതിൽ ക്ഷുഭിതരായ വിശ്വാസികൾ ആ കല്ലറയും പൊളിച്ചുമാറ്റിയിരുന്നു. ബിഷപ്പിന്റെ തീരുമാനത്തെ അംഗീകരിച്ചില്ലെന്നാരോപിച്ച് ഇടവക വികാരിയായിരുന്ന ഫാ.ഫ്രെഡി ജോയിയെ ബിഷപ്പ് ഹൗസിലേക്ക് തിരിച്ചുവിളിച്ച ശേഷം പകരം താത്കാലിക വികാരിയെ താഴംപള്ളിലേക്ക് നിയോഗിക്കുകയും ചെയ്‌തു.

ഇന്നലെ പതിവ് പ്രാർത്ഥന അവസാനിച്ചപ്പോൾ നിലവിലെ പള്ളി കമ്മറ്റിയെ പിരിച്ചുവിട്ടതായി താത്കാലിക വികാരി അറിയിക്കുകയായിരുന്നു. ഇതിനെതിരെയാണ് വിശ്വാസികൾ ബിഷപ്പ് ഹൗസിലേക്ക് മാർച്ച് നടത്തിയത്. കല്ലറ പണിയാമെന്നും മറ്റൊരു വികാരിയെ പള്ളിയിലേക്ക് നിയോഗിക്കാമെന്നും പ്രതിഷേധക്കാർക്ക് ബിഷപ്പ് ഉറപ്പുനൽകി.