kk

മോസ്കോ : ഡാം തകർന്നതിനെ തുടർന്ന് വെള്ളപ്പൊക്കത്തിൽ മുങ്ങിയ ഓർസ്‌ക് നഗരത്തിലെ സ്ഥിതി ഗുരുതരമെന്ന് റഷ്യ. മഞ്ഞുരുകലിനെ തുടർന്ന് യുറാൽ നദിയിലെ ജലം ക്രമാതീതമായി ഉയർന്നതോടെ വെള്ളിയാഴ്ച രാത്രിയാണ് കസഖ്‌സ്ഥാൻ അതിർത്തിയോട് ചേർന്നുള്ള ഓറെൻബർഗ് ഒബ്ലാസ്റ്റിലെ ഓർസ്‌കിൽ ഡാം തകർന്നത്.

4,500 പേരെ ഒഴിപ്പിച്ചു. രണ്ടുലക്ഷം പേർ പ്രളയ ബാധിത മേഖലകളിലാണ്. 6,300ലേറെ വീടുകളിൽ വെള്ളം കയറി. യുറാൽ നദിയിലെ ജലനിരപ്പ് ഉയരുന്നത് രക്ഷാപ്രവർത്തനത്തിന് തടസമാകുന്നുണ്ട്. ഡാമിന്റെ നിർമ്മാണത്തിൽ സുരക്ഷാ വീഴ്ചയുണ്ടായെന്നാണ് ആരോപണം.

2014ലാണ് ഡാം നിർമ്മിച്ചത്. യുറാൽ നദിയിലെ ജലനിരപ്പ് 5.5 മീറ്റർ വരെ നിയന്ത്രിക്കുന്ന തരത്തിലാണ് രൂപകല്പന. എന്നാൽ ഇന്നലെ ജലനിരപ്പ് 9.7 മീറ്ററായി ഉയർന്നു. വരുന്ന മൂന്ന് ദിവസം ജലനിരപ്പ് അപകടകരമാം വിധം ഉയരുമെന്നാണ് പ്രവചനം.

പ്രളയത്തിൽ 5 പേർ മരിച്ചെന്നാണ് കണക്ക്.

വെള്ളപ്പൊക്കത്തെ തുടർന്ന് വടക്കൻ കസഖ്സ്ഥാനിലെ 10 മേഖലകളിൽ നിന്ന് ആയിരക്കണക്കിന് പേരെ ഒഴിപ്പിച്ചു.