
33 റൺസിന് ഗുജറാത്ത് ടൈറ്റാൻസിനെ കീഴടക്കി ലക്നൗ സൂപ്പർ ജയന്റ്സ്.
ലക്നൗ : ഐ.പി.എല്ലിൽ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ ഗുജറാത്ത് ടൈറ്റാൻസിനെ 33 റൺസിന് തോൽപ്പിച്ച് ലക്നൗ സൂപ്പർ ജയന്റ്സ്. ഇന്നലെ ടോസ് നേടി ആദ്യ ബാറ്റിംഗിനിറങ്ങിയ ലക്നൗ നിശ്ചിത 20 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 163 റൺസടിച്ചു. മറുപടിക്കിറങ്ങിയ ഗുജറാത്ത് 18.5 ഓവറിൽ 130 റൺസിന് ആൾഒൗട്ടാവുകയായിരുന്നു. അഞ്ചുവിക്കറ്റ് വീഴ്ത്തിയ യഷ് താക്കൂറും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ക്രുനാൽ പാണ്ഡ്യയും ഓരോ വിക്കറ്റ് വീഴ്ത്തിയ നവീനുൽ ഹഖും രവി ബിഷ്ണോയ്‌യും ചേർന്നാണ് ടൈറ്റാൻസിനെ എറിഞ്ഞിട്ടത്.
18 റൺസ് നേടുന്നതിനിടെ ക്വിന്റൺ ഡി കോക്കിനെയും (6), ദേവ്ദത്ത് പടിക്കലിനെയും (7) നഷ്‌ടമായ ലക്നൗവിനെ നായകൻ കെ.എൽ രാഹുലും (33), മാർക്കസ് സ്റ്റോയ്നിസും (58) വലിയ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. 73 റൺസാണ് ഇവർ മൂന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. 43 പന്തുകളിൽ നാലുഫോറും രണ്ട് സിക്സും പായിച്ച സ്റ്റോയ്നിസ് 15-ാം ഓവറിലാണ് പുറത്തായത്. തുടർന്ന് നിക്കോളാസ് പുരാനും (32), ആയുഷ് ബദോനിയും (20) ചേർന്ന് 163ലെത്തിക്കുകയായിരുന്നു.
ഗുജറാത്ത് ടൈറ്റാൻസിനായി ഉമേഷ് യാദവും ദർശൻ നാൽകണ്ടേയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. റാഷിദ് ഖാന് ഒരു വിക്കറ്റ് ലഭിച്ചു.
മറുപടിക്കിറങ്ങിയ ഗുജറാത്തിനായി ഓപ്പണർ സായ് സുദർശൻ (31),രാഹുൽ തെവാത്തിയ(30), നായകൻ ശുഭ്മാൻ ഗിൽ (19),വിജയ് ശങ്കർ (17), ദർശൻ നാൽകണ്ഡെ (12) എന്നിവർക്ക് മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി ലക്നൗ ടൈറ്റാൻസിന്റെ കാറ്റഴിച്ചുവിടുകയായിരുന്നു.
3.5-1-30-5
ഈ സീസണിലെ ആദ്യ അഞ്ചുവിക്കറ്റ് നേട്ടമാണ് ലക്നൗ ജയന്റ്സിന്റെ മീഡിയം പേസർ യഷ് താക്കൂർ സ്വന്തമാക്കിയത്. ആറാം ഓവറിൽ ശുഭ്മാൻ ഗില്ലിനെ ബൗൾഡാക്കിയാണ് യഷ് തുടങ്ങിയത്. വിജയ് ശങ്കർ,രാഹുൽ തേവാത്തിയ,റാഷിദ് ഖാൻ,നൂർ അഹമ്മദ് എന്നിവരായിരുന്നു യഷിന്റെ മറ്റ് ഇരകൾ.
മായാങ്കിന് പരിക്ക് ?
വിജയത്തിനിടയിലും ലക്നൗ സൂപ്പർ ജയന്റ്സിന് ഭീഷണിയായി അതിവേഗ പേസർ മായാങ്ക് യാദവിന്റെ പരിക്ക്. ഇന്നലെ ഒരോവർ മാത്രമാണ് മായാങ്ക് എറിഞ്ഞത്. പേശിവലിവ് മൂലം മായാങ്ക് കരയ്ക്ക് കയറുകയായിരുന്നു.
3
ലക്നൗ സൂപ്പർ ജയന്റ്സിന്റെ തുടർച്ചയായ മൂന്നാം വിജയമാണിത്. നാലുകളികളിൽ ആറുപോയിന്റുമായി പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ലക്നൗ.
ഇന്നത്തെ മത്സരം
ഗുജറാത്ത് vs ചെന്നൈ
7.30 pm മുതൽ