
ബ്രാറ്റിസ്ലാവാ : യൂറോപ്യൻ യൂണിയൻ, നാറ്റോ അംഗരാജ്യമായ സ്ലോവാക്യയുടെ പുതിയ പ്രസിഡന്റായി റഷ്യൻ അനുകൂലി പീറ്റർ പെല്ലഗ്രീനിയെ തിരഞ്ഞെടുത്തു. ജൂൺ 15ന് അധികാരമേൽക്കും. ശനിയാഴ്ച നടന്ന രണ്ടാം റൗണ്ട് തിരഞ്ഞെടുപ്പിൽ 53 ശതമാനം വോട്ടോടെ പാശ്ചാത്യ അനുകൂലിയും മുൻ വിദേശകാര്യ മന്ത്രിയുമായ ഇവാൻ കോർചോകിനെ അദ്ദേഹം പരാജയപ്പെടുത്തി.
2018 - 2020 കാലയളവിൽ സ്ലോവാക്യയുടെ പ്രധാനമന്ത്രിയായിരുന്നു 48കാരനായ പെല്ലഗ്രീനി. റഷ്യൻ അനുഭാവിയായ പ്രധാനമന്ത്രി റോബർട്ട് ഫിറ്റ്സോയുടെ അടുത്ത അനുയായി കൂടിയാണ് അദ്ദേഹം.
കഴിഞ്ഞ ഒക്ടോബറിൽ ഫിറ്റ്സോ അധികാരത്തിൽ എത്തിയതിന് പിന്നാലെ യുക്രെയിനുള്ള സൈനിക സഹായം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
നിലവിലെ പ്രസിഡന്റ് സൂസന്ന ചാപുറ്റോവ പടിയിറങ്ങുന്നതോടെ സ്ലോവാക്യയിൽ നിന്ന് യുക്രെയിന് ലഭിച്ചിരുന്ന പിന്തുണ ഇല്ലാതാകുമെന്നാണ് ആശങ്ക. സ്ലോവാക്യ സമാധാനത്തിന്റെ ഭാഗത്താണെന്ന് ഉറപ്പാക്കുമെന്ന് പെല്ലഗ്രീനി പ്രതികരിച്ചു.