കൊച്ചി: ഇന്ധനം നിറയ്ക്കാൻ വൈകിയതിനെച്ചൊല്ലിയുള്ള തർക്കത്തിൽ തേവര മട്ടമ്മൻ ഐ.ഒ.സി പമ്പിലെ ജീവനക്കാരന് ഇരുമ്പു വടിക്ക് അടിയേറ്റു. അക്രമം കാട്ടിയ തേവര കോന്തുരുത്തി സ്വദേശി അഭിലാഷിനെ ( അമ്പാടി-19) എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകിട്ട് നടന്ന സംഭവത്തിൽ പമ്പ് മാനേജരുടെ പരാതിയിലാണ് അറസ്റ്റ്.
രാവിലെ അമ്പാടിയും രണ്ട് സുഹൃത്തുക്കളും പമ്പിലെത്തിയപ്പോൾ ഇന്ധനം റീഫിൽ ചെയ്യുകയായിരുന്നു. ഈ സമയത്ത് ഇന്ധനം അടിക്കില്ലെന്നും ഏതാനും മിനിട്ട് കാത്തിരിക്കാനും ജീവനക്കാരൻ അമ്പാടിയോട് പറഞ്ഞു. ഇതിന്റെ ദേഷ്യത്തിന് അമ്പാടി ജീവനക്കാരന്റെ മുഖത്തടിച്ചു. തുടർന്ന് സുഹൃത്തുക്കൾ ഇയാളെ പമ്പിൽനിന്ന് കൂട്ടിക്കൊണ്ടുപോയി.
വൈകിട്ട് നാലോടെ പമ്പിലെത്തിയ പ്രതി കൈയിൽ കരുതിയിരുന്ന ഇരുമ്പ് പൈപ്പുകൊണ്ട് അടിക്കുകയായിരുന്നു. പലതവണ അടിച്ചെങ്കിലും ഒഴിഞ്ഞുമാറിയത് കൊണ്ട് പരിക്കേറ്റില്ലെന്ന് ജീവനക്കാരൻ പൊലീസിന് മൊഴിനൽകി. സംഭവശേഷം പമ്പ് മാനേജർ സ്റ്റേഷനിലെത്തി പരാതിപ്പെടുകയായിരുന്നു. സി.സി.ടിവി ദൃശ്യത്തിൽ പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ്, രാത്രിയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.