കൊച്ചി: ലോക്‌സഭ തിരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തിനിൽക്കെ, ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ (ഇ.വി.എം) ഹാക്ക് ചെയ്യാനാകുമെന്ന തരത്തിലുള്ള വീഡിയോ പ്രചരിപ്പിച്ചവരെ പൊക്കാൻ പൊലീസ് കളത്തിലിറങ്ങി. സംഭവത്തിൽ കൊച്ചി സിറ്റിയിൽ രണ്ട് കേസെടുത്തു. സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രചരിച്ച വീഡിയോ സൈബർ ഡോമിന്റെ ശ്രദ്ധയിൽപ്പെടുകയും വിവരം കൊച്ചി സിറ്റി പൊലീസിന് കൈമാറുകയായിരുന്നു. പാലാരിവട്ടം പൊലീസാണ് രണ്ട് കേസുകളും രജിസ്റ്റർ ചെയ്തിരിക്കുന്നത്. വെണ്ണല സ്വദേശി ഷാജി കുര്യൻ, പാലാരിവട്ടം സ്വദേശി ഷൈജു ആന്റണി എന്നിവർക്ക് എതിരെയാണ് കേസെടുത്തത്. ഇ.വി.എം ഹാക്ക് ചെയ്യാനാകുമെന്ന് തെറ്റി​ദ്ധരിപ്പിക്കുന്ന തരത്തിലുള്ള ഐ.ടി വിദഗ്ദ്ധന്റെ വീഡിയോ ഒരു തമിഴ് യൂട്യൂബ് ചാനാൽ വാർത്തയാക്കിയിരുന്നു. ഇതിൽ നിന്നുള്ള ദൃശ്യം ഇവർ പ്രചരിപ്പിച്ചെന്നാണ് കേസ്. ഇരുവരുടെയും അറസ്റ്റ് വൈകാതെയുണ്ടാകുമെന്നും വീഡിയോ പ്രചരിപ്പിച്ച കൂടുതൽ പേർക്കെതിരെ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. സാമൂഹിക മാദ്ധ്യമങ്ങളിലെ നിരീക്ഷണം സൈബർഡോമും ശക്തമാക്കി.