
തൃശൂര്‍: കനത്ത ചൂടിനെപ്പോലും വകവയ്ക്കാതെ ഒറ്റ ദിവസം കൊണ്ട് 37 കല്യാണവും 571 ചോറൂണുകളുമാണ് ക്ഷേത്രത്തില്‍ നടന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തിലാണ് കനത്ത് ചൂടിനെ വകവയ്ക്കാതെ ഭക്തജനങ്ങള്‍ ഒഴുകിയെത്തിയത്. വഴിപാടിനത്തില്‍ ലക്ഷങ്ങളാണ് വരുമാനമായി എത്തിയത്. ഞായറാഴ്ച ഉച്ചവരെ 73 ലക്ഷത്തിലധികം രൂപ ലഭിച്ചു.
തിരക്ക് നിയന്ത്രിക്കാന്‍ രാവിലെ 11 വരെ ഭക്തരെ കൊടിമരം വഴി നേരെ നാലമ്പലത്തിലേക്ക് പ്രവേശിപ്പിച്ചിരുന്നു. ഉച്ചയ്ക്ക് രണ്ടേകാലിന് ശേഷമാണ് ക്ഷേത്രനട അടച്ചത്. വിഷു അടുത്തിരിക്കെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. ഏപ്രില്‍ 14ന് ഒരു മണിക്കൂര്‍ വിഷുക്കണി ദര്‍ശനമുണ്ടാകും. പുലര്‍ച്ചെ 2.42 മുതല്‍ 3.42 വരെയാണ് ദര്‍ശന സമയം.
ഞായറാഴ്ച ദിവസം തുലാഭാരം ഇനത്തില്‍ 16 ലക്ഷം രൂപ വരുമാനമായി ലഭിച്ചു. പാല്‍പായസം വഴിപാടിലൂടെ ആറര ലക്ഷത്തിലേറെ രൂപ ലഭിച്ചു. നെയ്‌വിളക്ക് വഴിപാട് വഴി 21 ലക്ഷം രൂപ വരുമാനം ലഭിച്ചു. 2500 പേരാണ് ഈ വഴിപാട് നടത്തിയത്.
ഭണ്ഡാര വരവ് മാസത്തിലൊരിക്കല്‍ മാത്രമാണ് എണ്ണിത്തിട്ടപ്പെടുത്തുന്നത്. അതിനാല്‍ ഈ തുക ഇപ്പോള്‍ കണക്കാക്കിയിട്ടില്ല. വേനലവധിക്കാലത്തെ ആദ്യ ഞായറാഴ്ച തന്നെ ഇത്രയും തിരക്കും വരുമാനവും ലഭിച്ചത് വരാനിരിക്കുന്ന വിവാഹ സീസണില്‍ തിരക്കുകൂടുമെന്നതിന്റെ സൂചനയാണ് നല്‍കുന്നത്.
അതേസമയം അരനൂറ്റാണ്ടിനിടെ അരങ്ങേറുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ സമ്പൂര്‍ണ സൂര്യഗ്രഹണം നാളെയാണ്. ഇന്ത്യയില്‍ ഗ്രഹണം ദൃശ്യാമാകില്ലെങ്കിലും ക്ഷേത്രങ്ങളിലെ പൂജാ സമയങ്ങളില്‍ മാറ്റം വരും. കേരളത്തില്‍ ഗുരുവായൂര്‍ പോലെയുള്ള മഹാക്ഷേത്രങ്ങളില്‍ പോലും ഗ്രഹണം നടക്കുന്ന വേളയില്‍ നട അടച്ചിടും. പൂജകള്‍ പോലും ഗ്രഹണം പൂര്‍ത്തിയായതിനു ശേഷമാണ് നടത്തപ്പെടുക.