
ലഖ്‌നൗ: ഐപിഎല്‍ സീസണില്‍ മോശം ഫോം തുടരുന്ന ഗുജറാത്ത് ടൈറ്റന്‍സിന് മൂന്നാം തോല്‍വി. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനോട് 33 റണ്‍സനാണ് മുന്‍ ചാമ്പ്യന്‍മാരായ ഗുജറാത്ത് തോല്‍വി വഴങ്ങിയത്. 164 റണ്‍സ് പിന്തുടര്‍ന്ന ഗുജറാത്തിന്റെ മറുപടി 18.5 ഓവറില്‍ 130 റണ്‍സില്‍ അവസാനിച്ചു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ യുവതാരം യാഷ് താക്കൂര്‍, മൂന്ന് വിക്കറ്റ് വീഴ്ത്തിയ ക്രുണാല്‍ പാണ്ഡ്യ എന്നിവര്‍ ചേര്‍ന്നാണ് ടൈറ്റന്‍സിന്റെ കഥകഴിച്ചത്. അഞ്ച് മത്സരങ്ങളില്‍ നിന്ന് ടൈറ്റന്‍സിന്റെ മൂന്നാം തോല്‍വിയാണിത്.
താരതമേന്യ കുറഞ്ഞ ലക്ഷ്യം പിന്തുടര്‍ന്ന ടൈറ്റന്‍സിനായി അവരുടെ ബാറ്റര്‍മാര്‍ക്ക് ആര്‍ക്കും തിളങ്ങാനാകാതെ വന്നത് തോല്‍വിക്ക് പ്രധാന കാരണമായി. 31(23) റണ്‍സ് നേടിയ ഓപ്പണര്‍ സായ് സുധര്‍ശന്‍ ആണ് ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ 19(21), കെയ്ന്‍ വില്യംസണ്‍ 1(5), ശരത് ബി.ആര്‍ 2(5), വിജയ് ശങ്കര്‍ 17(17), ദര്‍ശന്‍ നല്‍കണ്ടേ 12(11) റാഷിദ് ഖാന്‍ 0(3) എന്നിവര്‍ തിളങ്ങിയില്ല. രാഹുല്‍ തിവാത്തിയ 30(25) റണ്‍സ് നേടി. എല്‍എസ്ജിക്കായി നവീന്‍ ഉള്‍ ഹഖ്, രവി ബിഷ്‌ണോയി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത എല്‍എസ്ജി 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സ് നേടി. 43 പന്തില്‍ നിന്ന് 58 റണ്‍സ് നേടിയ മാര്‍ക്കസ് സ്റ്റോയിമിസ്, കെഎല്‍ രാഹുല്‍ 33(31), നിക്കോളസ് പൂരന്‍ 32(22), ആയുഷ് ബദോനി 20(11) എന്നിവരുടെ മികവിലാണ് ലഖ്‌നൗ പൊരുതാവുന്ന സ്‌കോര്‍ നേടിയത്. നാല് മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയവും ആറ് പോയിന്റുമായി പട്ടികയില്‍ രാജസ്ഥാന്‍ റോയല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നിവര്‍ക്ക് പിന്നിലായി മൂന്നാം സ്ഥാനത്താണ് ലഖ്‌നൗ നിലവില്‍.