heat-wave

ന്യൂഡല്‍ഹി: കനത്ത വേനലില്‍ ചുട്ടുപൊള്ളുകയാണ് കേരളം. 10 മിനിറ്റ് നേരം വെയിലത്ത് നിന്നാല്‍ പിന്നെ പറയുകയും വേണ്ട. മുമ്പെങ്ങുമില്ലാത്ത ചൂടാണ് കേരളത്തിലെന്ന് പറയുമ്പോഴും രാജ്യത്ത് കേരളത്തെക്കാള്‍ ചൂടനുഭവപ്പെടുന്ന സംസ്ഥാനങ്ങളുമുണ്ടെന്നതാണ് വാസ്തവം.

കേരളത്തില്‍ തുടര്‍ച്ചയായി 40 ഡിഗ്രിക്ക് മുകളിലാണ് പാലക്കാട് ജില്ലയിലെ ചൂട്. വരും ദിവസങ്ങളില്‍ ആശ്വാസമായി മഴയെത്തുമെന്ന് പ്രവചനമുണ്ടെങ്കിലും അസ്വസ്ഥതയുണ്ടാക്കുന്ന ചൂട് തുടരുകയാണ്.

അതേസമയം ചൂടിന്റെ കാര്യത്തില്‍ കേരളത്തെക്കാള്‍ വളരെ മുന്നിലാണ് മറ്റൊരു ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ ആന്ധ്ര പ്രദേശ്. രാജ്യത്ത് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത് ആന്ധ്രയിലെ നന്ദ്യാലിലാണ്. 44.5 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയ താപനില. ആന്ധ്രയിലെ അനന്ദപുര്‍ (44.4), കുര്‍നൂല്‍ (44.3), കുഡ്ഡപ (43.2) എന്നിങ്ങനെയാണ് താപനില.

കേരളത്തില്‍ 2019 ന് ശേഷം ആദ്യമായാണ് സംസ്ഥാനത്തു 41 ഡിഗ്രിക്ക് മുകളില്‍ താപനില രേഖപെടുത്തുന്നത്. 2019 ല്‍ 41.1 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില. കാലാവസ്ഥ വകുപ്പിന്റെ തന്നെ പാലക്കാട് ജില്ലയിലെ മുഴുവന്‍ ഓട്ടോമാറ്റിക് സ്റ്റേഷനുകളിലും 40 മുതല്‍ 44 ഡിഗ്രി വരെയും കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, കൊല്ലം ജില്ലകളിലെ ചില സ്റ്റേഷനുകളില്‍ 40ഡിഗ്രിക്ക് മുകളിലും താപനില രേഖപെടുത്തി.

മഴ വരുന്നു

സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഞായറാഴ്ച രാത്രി മുതല്‍ കനത്ത മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ ഗവേഷണ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്ക് സാദ്ധ്യത.

മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ച 10 ജില്ലകള്‍ക്കും ചൊവ്വാഴ്ച 14 ജില്ലകള്‍ക്കും ബുധനാഴ്ച 6 ജില്ലകള്‍ക്കുമാണ് മഴ ബാധകം.