curd

കോട്ടയം: ചൂട് ക്രമാതീതമായി ഉയര്‍ന്നതോടെ തൈരിനും ഡിമാന്‍ഡ് കൂടി. മില്‍മയടക്കമുള്ള തൈരിന് അന്‍പത് ശതമാനത്തിലധികം വില്‍പ്പനയാണ് കഴിഞ്ഞ രണ്ട് മാസത്തിനിടെ ജില്ലയിലുണ്ടായത്. നാടന്‍ തൈരിനാണ് ആവശ്യക്കാരേറെ.


ചൂട് മൂലം പാലുത്പാദനം ഏറ്റവും കുറഞ്ഞ സമയമാണെന്നതിനാല്‍ അന്യ സംസ്ഥാനത്ത് നിന്നുള്ള കമ്പനികളും കളം പിടിച്ചിട്ടുണ്ട്. സംഭാരം, ലസി എന്നിങ്ങനെ തൈര് ഉത്പ്പന്നങ്ങള്‍ക്കാണ് ഡിമാന്‍ഡ്. ഹോട്ടലുകളില്‍ മോരോ, തൈരോ ഊണിന് ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്.

ദാഹം ശമിപ്പിക്കാന്‍ സംഭാര പ്രിയരുടെ എണ്ണം കൂടിയതാണ് തൈരിന്റെ തലവര തെളിഞ്ഞത്. പ്രാദേശിക സഹകരണ സംഘങ്ങളില്‍ നിന്ന് പാല്‍ വാങ്ങി തൈര് സ്വന്തമായി ഉത്പ്പാദിപ്പിക്കുന്നവരുമുണ്ട്. വഴിയോരത്ത് തണ്ണീര്‍ പന്തലുകളില്‍ സംഭാരങ്ങളുടെ വെറൈറ്റികളും ലഭിക്കും. സോഡ സംഭാരം, കുടം കുലുക്കി എന്നിങ്ങനെയാണ് സംഭാരത്തിന്റെ വെറൈറ്റികള്‍. വീടുകളില്‍ തൈരും ഇഞ്ചിയും കറിവേപ്പിലയും മുളകും ചേര്‍ത്ത് ഫ്രിഡിജില്‍ സൂക്ഷിച്ച് കുടിക്കുന്നവരുമേറെ. ഇതിനെല്ലാം കൂടിയാണ് ഇത്രയധികം തൈരിന് ആവശ്യം. ലെസികളുടെ വെറൈറ്റിക്കും ഡിമാന്‍ഡുണ്ട്.

വന്‍കിട കമ്പനികളും രംഗത്ത്

വന്‍കിട കമ്പനികളെല്ലാം റെഡിമെയ്ഡ് സംഭാരവും ലെസിയുമായി രംഗത്തിറങ്ങിയിട്ടുണ്ട്. കുപ്പിയിലും പ്‌ളാസ്റ്റിക് കവറുകളിലുമായി ലഭിക്കും. ഫാമുകളില്‍ നിന്ന് നേരിട്ട് തൈര് ചോദിക്കുന്നവരുമുണ്ട്. തൈരിന് ലിറ്ററിന് 70 രൂപവരെയാണ് വില. നാടന്‍ തൈരിന് 72 രൂപവരെയുണ്ട്.

തലവരമാറ്റിയത് ചൂട്

ചൂടത്ത് സംഭാര പ്രിയരുടെ എണ്ണം വര്‍ദ്ധിച്ചു

നാരങ്ങയുടെ ഉപയോഗം അസിഡിറ്റിയുണ്ടാക്കുന്നു

ഊണിന് തൈര് നിര്‍ബന്ധമാക്കിയവരുടെ എണ്ണം കൂടി

വഴിയോരങ്ങളിലും തൈരുത്പ്പന്നങ്ങള്‍ സുലഭം