
ചെന്നൈ: താംബരത്ത് ട്രെയിനിൽ നിന്ന് നാല് കോടി രൂപ പിടികൂടിയ സംഭവത്തിൽ തമിഴ്‌നാട് ബിജെപി പ്രതിസന്ധിയിൽ. സംഭവത്തിൽ സംസ്ഥാന അദ്ധ്യക്ഷൻ കെ.അണ്ണാമലൈ ഇതുവരെ വ്യക്തമായി പ്രതികരിച്ചിട്ടില്ല. പ്രതികൾ എമർജെൻസി ക്വാട്ടയ്‌ക്ക് (ഇ.ക്യു) അപേക്ഷിച്ചത് തിരുനെൽവേലി മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയും ബിജെപി എംഎൽഎയുമായ നൈനാർ നാഗേന്ദ്രന്റെ ഔദ്യോഗിക ലെറ്റർപാഡിൽ ആണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നൈനാർ നാഗേന്ദ്രന്റെ തിരിച്ചറിയൽ കാർഡ് അറസ്റ്റിലായ മൂന്നുപ്രതികളുടെയും കൈയിൽ ഉണ്ടായിരുന്നു. ഇവർ എംഎൽഎയുടെ ഹോട്ടലിലെ ജീവനക്കാരാണ്.
ആറ് ബാഗുകളിൽ നാല് കോടി രൂപയുമായി മൂന്നുപേരെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഫ്‌ളൈയിംഗ് സ്‌ക്വാഡ് കഴിഞ്ഞദിവസമാണ് പിടികൂടിയത്. ബി.ജെ.പി പ്രവർത്തകനായ എസ്.സതീഷ് (33), ഇയാളുടെ സഹോദരൻ നവീൻ(31), ഡ്രൈവർ പെരുമാൾ (26) എന്നിവരെയാണ് പൊലീസ് അറസ്റ്റുചെയ്തത്. വോട്ടർമാർക്ക് വിതരണം ചെയ്യാൻ കൊണ്ടുപോയ പണമാണിതെന്നാണ് സൂചന. അറസ്റ്റിലായവർ കിൽപോക് ബ്ളൂ ഡയമണ്ട് ഹോട്ടൽ ജീവനക്കാരാണ്. ബാഗുകളുമായി മൂന്നംഗ സംഘം ട്രെയിനിൽ കയറിയെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തെരച്ചിൽ. അറസ്റ്റിലായവരുമായി തനിക്ക് ബന്ധമില്ലെന്നാണ് എം.എൽ.എ പ്രതികരിച്ചത്. എന്നാൽ ഇത് പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.
റോഡ് മാർഗം പോയാൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ പരിശോധനയിൽ പിടിക്കപ്പെടും എന്നുകണ്ടാണ് പ്രതികൾ ട്രെയിനിൽ യാത്ര ചെയ്യാൻ തീരുമാനിച്ചത്. ഇതിനായി ടിക്കറ്റ് ബുക്ക് ചെയ്‌തെങ്കിലും വെയിറ്റിംഗ് ലിസ്റ്റിലായതോടെയാണ് എംഎൽഎയുടെ ലെറ്റർപാഡിൽ ഇ.ക്യു അപേക്ഷ നൽകിയത്. നെല്ലൈ എക്‌സ്‌പ്രസിൽ എസ്7 കോച്ചിലാണ് ഇവർ യാത്ര ചെയ്‌തിരുന്നത്.