money

ബംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടകയിലെ ബെല്ലാരിയിൽ പൊലീസ് നടത്തിയ പരിശോധനയിൽ 5.60 കോടി രൂപയും രണ്ട് കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങളും പിടിച്ചെടുത്തു. ജുവലറി ഉടമയായ നരേഷിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് പണത്തിന് പുറമേ മൂന്ന് കിലോഗ്രാം സ്വർണവും 103 കിലോഗ്രാം വെളളി ആഭരണങ്ങളും 68 വെളളി ബാറുകളും പിടിച്ചെടുത്തത്. സംഭവത്തിൽ ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

നരേഷിന് ഹവാല ഇടപാട് നടത്തുന്നവരുമായി ബന്ധമുണ്ടെന്നും കൂടുതൽ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇയാൾക്കെതിരെ സെക്ഷൻ 98 പ്രകാരം കേസ് രജിസ്​റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണത്തിനായി നരേഷിനെ ആദായനികുതി വകുപ്പിന് കൈമാറുമെന്നും പൊലീസ് അറിയിച്ചു.

5 Crores Cash, 106 Kg Jewellery: Karnataka Cops' Crackdown Ahead Of Polls

Rs 5.60 crore in cash, 3 kg of gold, 103 kg of silver jewellery, and 68 silver bars were seized by Karnataka Police in a major raid ahead of Lok Sabha polls 2024. The raid was conducted in Bellary town of… pic.twitter.com/ZYusuXN7t0

— Social News Daily (@SocialNewsDail2) April 8, 2024

കഴിഞ്ഞ ദിവസം ട്രെയിനിൽ നാല് കോടി രൂപ കടത്താൻ ശ്രമിച്ച ബിജെപി പ്രവ‌ർത്തകനടക്കം മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചെന്നൈ താംബരം റെയിൽവേ സ്റ്റേഷനിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഫ്ളൈയിംഗ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. ബിജെപി പ്രവർത്തകനായ എസ് സതീഷ് (33), ഇയാളുടെ സഹോദരൻ നവീൻ(31), ഡ്രൈവർ പെരുമാൾ (26) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

വോട്ടർമാർക്ക് വിതരണം ചെയ്യാൻ കൊണ്ടുപോയ പണമാണിതെന്നാണ് സൂചന. ബാ​ഗുകളുമായി മൂന്നം​ഗ സംഘം ട്രെയിനിൽ കയറിയെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തെരച്ചിൽ. ചെന്നൈയിൽ നിന്ന് തിരുനെൽവേലിയിലേക്ക് പോവുകയായിരുന്ന നെല്ലയ് എക്‌സ്‌പ്രസിന്റെ എ സി കമ്പാർട്ട്‌മെന്റിൽ നിന്നാണ് ആറ് ബാഗുകളിലായി സൂക്ഷിച്ചിരുന്ന പണം പിടിച്ചെടുത്തത്. ബിജെപി സ്ഥാനാർത്ഥി നൈനാർ നാഗേന്ദ്രന്റെ നിർദ്ദേശ പ്രകാരമാണ് പണം എത്തിച്ചതെന്നാണ് പ്രതികൾ മൊഴി നൽകിയിരിക്കുന്നത്. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഏപ്രിൽ 19നാണ് തമിഴ്‌നാട്ടിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാനത്തുടനീളം ശക്തമായ പരിശോധനകളാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ നടത്തുന്നത്. കള്ളപ്പണം തടയുന്നതിന്റെ ഭാഗമായാണിത്.