the-kerala-story

ഇടുക്കി: വിദ്യാർത്ഥികൾക്കായി വിവാദ സിനിമായ 'ദി കേരള സ്റ്റോറി'യുടെ പ്രദ‌ർശനം നടത്തി ഇടുക്കി രൂപത. ഏപ്രിൽ നാലിന് വിശ്വാസോത്സവത്തിന്റെ ഭാഗമായി രൂപതയിലെ പത്തുമുതൽ പ്ളസ് ടു വരെയുള്ള വിദ്യാർത്ഥികൾക്കായാണ് സിനിമാപ്രദർശനം നടത്തിയത്. പ്രണയത്തെക്കുറിച്ചുള്ള ബോധവത്‌കരണത്തിന്റെ ഭാഗമായാണ് സിനിമ പ്രവർശിപ്പിച്ചതെന്നാണ് വിശദീകരണം.

'കേരളത്തിൽ ഇപ്പോഴും ലവ് ജിഹാദ് നിലനിൽക്കുന്നതിനാലാണ് ദി കേരള സ്റ്റോറി പ്രദർശിപ്പിച്ചതെന്ന് ഇടുക്കി രൂപതയെ പ്രതിനിധീകരിച്ച് ഫാദർ ജിൻസ് കാരക്കാട്ട് പറഞ്ഞു. ക്ളാസിലെ ഒരു വിഷയം പ്രണയമായിരുന്നു. നിരവധി കുട്ടികൾ പ്രണയക്കുരുക്കിൽ അകപ്പെടുന്നതിനാലാണ് ഈ വിഷയം എടുത്തത്. ഇതുമായി ബന്ധപ്പെട്ട് സിനിമ കണ്ട് വിലയിരുത്താനാണ് കുട്ടികളോട് ആവശ്യപ്പെട്ടത്. പ്രണയകുരുക്കിനെക്കുറിച്ച് ബോധവത്‌കരണവും നൽകി. സിനിമയിലെ പ്രമേയം പ്രണയം ആയതുകൊണ്ടാണ് ബോധ‌വത്‌കരണത്തിനായി ഉപയോഗിച്ചത്. വിവാദമായതുകൊണ്ട് തിരഞ്ഞെടുത്തതല്ല' ഫാ. ജിൻസ് കാരക്കാട്ട് വ്യക്തമാക്കി.

കഴിഞ്ഞദിവസം ദൂരദർശനിൽ കേരള സ്റ്റോറി പ്രദ‌ർശിപ്പിച്ചതും ഏറെ വിവാദമായിരുന്നു. ഏപ്രിൽ അഞ്ചിന് രാത്രി എട്ടിനായിരുന്നു പ്രദർശനം. കേരളത്തിനെതിരെ വിദ്വേഷ പ്രചാരണം ലക്ഷ്യമാക്കി നിർമ്മിച്ച 'കേരള സ്റ്റോറി' സിനിമ പ്രദർശിപ്പിക്കാനുള്ള തീരുമാനം ദൂരദർശൻ പിൻവലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് വേളയിൽ കേരളത്തെ ഇകഴ്ത്താനുള്ള നീക്കത്തിൽ നിന്ന് കേന്ദ്രസർക്കാർ പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള സ്‌റ്റോറി പ്രദർശിപ്പിക്കുന്നതിൽ നിന്ന് ദൂരദർശൻ പിന്മാറണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും ആവശ്യപ്പെട്ടു.

ദൂരദർശനിൽ ‘ദി കേരള സ്റ്റോറി’ എന്ന സിനിമ പ്രദർശിപ്പിക്കാനുള്ള തീരുമാനം കേന്ദ്രസർക്കാർ പിൻവലിക്കണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ആവശ്യപ്പെട്ടിരുന്നു. "കേരളത്തെക്കുറിച്ചുള്ള നുണകൾ നിറഞ്ഞ സിനിമയാണ് 'ദി കേരള സ്റ്റോറി'. ഇത്തരമൊരു ചിത്രം ദൂരദർശനിൽ പ്രദർശിപ്പിച്ച് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സംഘപരിവാർ ഭരണകൂടം മതേതര സമൂഹത്തിൽ വിള്ളലുണ്ടാക്കാനുള്ള തന്ത്രമാണ് പയറ്റുന്നത്. ഇത് അംഗീകരിക്കാനാവില്ല. കേന്ദ്ര സർക്കാർ സ്ഥാപനമായ ദൂരദർശനെ പരിവാർ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു. ഇത് തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ (എംസിസി) നഗ്നമായ ലംഘനമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു.