lakshadweep

കൊച്ചി: കോഴിക്കോട് - ലക്ഷദ്വീപ് (അഗത്തി) റൂട്ടിൽ ഇൻഡിഗോയുടെ സർവീസ് കൊച്ചി വഴി ആരംഭിക്കുന്നു. ബംഗളൂരുവിൽ നിന്നും രാവിലെ കോഴിക്കോട് എത്തി കൊച്ചി വഴി അഗത്തിയിൽ സർവീസ് നടത്തി തിരിച്ച് കൊച്ചി, കോഴിക്കോട് വഴി ബംഗളൂരുവിൽ തന്നെ എത്തുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.

സമയക്രമം

കോഴിക്കോട്- 10:20 AM - കൊച്ചി 11:55 AM - അഗത്തി- 01:05 PM

അഗത്തി- 12:10 -കൊച്ചി- 01:45 PM - കോഴിക്കോട്- 2: 30 PM - ബംഗളൂരു- 4:05 PM

5600 രൂപയാണ് ഏകദേശ ടിക്കറ്റ് നിരക്ക് വരുന്നത്. മേയ് 1 മുതൽ ബുക്കിംഗ് ആരംഭിക്കുമെന്നാണ് നിലവിലെ വിവരം.

ലക്ഷദ്വീപിന് ഏറ്റവും അടുത്ത വൻകരയാണ് കോഴിക്കോട് എന്നതു കൊണ്ട് ലക്ഷദ്വീപ് സമൂഹം വിദ്യാഭ്യാസത്തിനും ചികിത്സയ‌്ക്കും വാണിജ്യത്തിനും ഷോപ്പിംഗിനും മറ്റുമായി എറ്റവും കൂടുതൽ ആശ്രയിക്കുന്ന നഗരമാണ് കോഴിക്കോട്, അതുപോലെ തന്നെ ലക്ഷദ്വീപിലേക്ക് വിനോദസഞ്ചാരത്തിനും മറ്റുമായി സന്ദർശിക്കുന്നവരിൽ കൂടുതലും കോഴിക്കോട് മലപ്പുറം വയനാട് കണ്ണൂർ കാസർക്കോട് പാലക്കാട് ഭാഗത്തു നിന്നുമുള്ളവരാണ്. മലബാർ മേഖലയിൽ നിന്ന് നിരവധി പേർ ബിനിനസും മറ്റുമായി ലക്ഷദ്വീപിൽ അധിവസിക്കുന്നുണ്ട്. ഇവർക്കെല്ലാം ഏറെ ഉപയോഗപ്രദമാണ് ഇൻഡിഗോയുടെ പുതിയ സർവീസ്. യാത്രാസമയം വലിയ അളവിൽ ചുരുങ്ങുമെന്നതാണ് ഈ സർവീസിന്റെ മറ്റൊരു പ്രത്യേകത.

ചെലവേറിയ അതിഥികൾ വരും

താമസം, യാത്ര എന്നിവയ്ക്ക് ലക്ഷദ്വീപിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയാൽ വിദേശങ്ങളിൽ നിന്നുൾപ്പെടെ സഞ്ചാരികൾ കൊച്ചിയിലാണ് ആദ്യമെത്തുക. ഇവർ ഒന്നോ രണ്ടോ ദിവസം കൊച്ചിയിലും താമസിക്കും. ഇവർക്ക് താമസം, വിനോദം, സഞ്ചാരം തുടങ്ങിയ സൗകര്യങ്ങൾ ആവശ്യമാണ്. മൂന്നാർ, തേക്കടി, ആലപ്പുഴ, തൃശൂർ തുടങ്ങിയ സമീപ ടൂറിസം കേന്ദ്രങ്ങളിലേയ്ക്കും ഇവരെ ആകർഷിക്കാൻ പാക്കേജുകൾ തയാറാക്കിയാൽ നിരവധി അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് ടൂറിസം, ട്രാവൽ മേഖലകളിലെ സംരംഭകർ പറയുന്നു. ദ്വീപുകൾ പോലുള്ള വിനോദസഞ്ചാരകേന്ദ്രങ്ങൾ സന്ദർശിക്കുന്നത് ഏറ്റവുമധികം പണം ചെലവഴിക്കുന്ന വിഭാഗത്തിലെ സഞ്ചാരികളാണെന്ന് ട്രാവൽ ഏജന്റ്സ് ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ ദേശീയ മാനേജിംഗ് കമ്മിറ്റി അംഗമായ പൗലോസ് കെ. മാത്യു പറഞ്ഞു. അത്തരം സഞ്ചാരികൾ ഏതാനും ദിവസം കൊച്ചിയിലും സമീപ കേന്ദ്രങ്ങളിലും ചെലവഴിക്കുന്നത് വലിയ വരുമാനനേട്ടത്തിന് വഴിതെളിക്കുമെന്ന് അദ്ദേഹം പറഞ്ഞു. റിസോർട്ടുകൾ, ഹോട്ടലുകൾ, ഗതാഗതം, യാത്രാസൗകര്യം ഒരുക്കൽ തുടങ്ങിയ മേഖലകളിൽ കൊച്ചിയ്ക്കും ലക്ഷദ്വീപിന്റെ ടൂറിസം വികസനം കുതിപ്പ് നൽകുമെന്ന് അദ്ദേഹം പറഞ്ഞു.