periyar

കുമളി: ഇക്കൊല്ലത്തെ മംഗളാദേവി ചിത്രാപൗർണമി ഉത്സവം 23 ന് നടക്കും. ഉത്സവം സുഗമവും സുരക്ഷിതവുമായി നടത്തുന്നതിന് ഇടുക്കി, തേനി ജില്ലാ ഭരണകൂടങ്ങളുടെ നേതൃത്വത്തിൽ 13 ന് കുമളി രാജീവ് ഗാന്ധി ആഡിറ്റോറിയത്തിൽ സംയുക്ത യോഗം ചേരും. ഇതിന് മുന്നോടിയായി ഒരുക്കങ്ങൾ വിലയിരുത്താൻ ഇടുക്കി സബ് കളക്ടർ ഡോ. അരുൺ എസ്. നായരുടെ നേതൃത്വത്തിലുള്ള സംഘം മംഗളാദേവി ക്ഷേത്രം സന്ദർശിച്ചു.

devi

ഉത്സവ ഒരുക്കങ്ങൾ അടുത്ത ആഴ്ച മുതൽ ആരംഭിക്കുമെന്ന് സബ് കളക്ടർ പറഞ്ഞു. കേരള, തമിഴ്നാട് സർക്കാറുകൾ സംയുക്തമായാണ് ഉത്സവം നടത്തുക. പെരിയാർ വന്യജീവി സംരക്ഷണ കേന്ദ്രത്തിൽ സ്ഥിതിചെയ്യുന്ന മംഗളാദേവിയിൽ വർഷത്തിൽ ഒരു ദിവസം മാത്രമാണ് ഭക്തർക്ക് സന്ദർശന അനുമതി. പരിസ്ഥിതി സൗഹൃദമായി വനത്തിന്റെയും ക്ഷേത്രത്തിന്റെയും സംരക്ഷണത്തിനും ഭക്തരുടെ സുരക്ഷയ്ക്കും മുൻതൂക്കം നൽകിയാകും ഇത്തവണയും ഉത്സവം നടത്തുക. കുമളിയിൽ നിന്ന് 18 കിലോമീറ്റർ അകലെയായി ഒരു മലമുകളിലാണ് അതിപുരാതനമായ മംഗളാദേവി ക്ഷേത്രം. മലയാളികളും തമിഴരുമടക്കം നിരവധിപേരാണ് ചിത്രാപൗർണമി നാളിൽ ക്ഷേത്രത്തിലെത്തുക.