guru

മരുത്വാമലയിലെ തീവ്രതപസ്സിലൂടെ ശ്രീനാരായണ ഗുരുദേവൻ നേടിയ വെളിച്ചം അറിവായിരുന്നു. മനുഷ്യനെ ആഴത്തിൽ സ്പർശിക്കുവാനും അസമത്വം അനുഭവിച്ച വലിയൊരു ജനവിഭാഗത്തിന്റെ ജീവിതഗതിയിൽ സാരമായ വ്യതിയാനം വരുത്തുവാനും ഗുരുദേവനു കഴിഞ്ഞു. ജാതിവ്യവസ്ഥയുടെ അർത്ഥശൂന്യത വെളിപ്പെടുത്താനും വിവിധ മതങ്ങളെ സമന്വയിപ്പിക്കുവാനും ഗുരുവിനു സാധിച്ചു. ഗദ്യത്തിലും പദ്യത്തിലുമായി അനേകം ജീവചരിത്ര ഗ്രന്ഥങ്ങൾ ഗുരുദേവന്റെ ജീവിതത്തെക്കുറിച്ച് ഉണ്ടായിട്ടുണ്ട്. ഗുരുവിന്റെ ജീവിതത്തിലെ നിർണായക മുഹൂർത്തങ്ങൾ കൂട്ടിയിണക്കി ഇ.കെ. സുഗതൻ രചിച്ച ഗ്രന്ഥമാണ് 'ഗുരുനാരായണം.'

ഗുരുവിനെക്കുറിച്ച് പ്രസിദ്ധീകൃതമായ എണ്ണമറ്റ പുസ്തകങ്ങളിലൂടെ രണ്ടരവർഷം നടത്തിയ പഠനതപസിനു ശേഷമാണ് ഇ.കെ. സുഗതൻ ഈ ജീവചരിത്ര ഗ്രന്ഥം തയ്യാറാക്കിയത്. ജാതിവ്യവസ്ഥയുടെ അർത്ഥശൂന്യത വെളിപ്പെടുത്തുവാനും വിഭിന്ന മതസാരമെല്ലാം ഏകമെന്ന് സ്ഥാപിക്കുവാനും കഴിഞ്ഞ ഗുരുവിനെ പലപ്പോഴും ഒരു സാമൂഹ്യ പരിഷ്കർത്താവായാണ് പലരും വിലയിരുത്തുന്നത്. എന്നാൽ ഭൗതികതലത്തിൽ മാത്രം നിന്നുകൊണ്ടുള്ള ഏത് പ്രശ്നപരിഹാര ശ്രമങ്ങൾക്കും പരിമിതികളുണ്ട്. അതിലുപരി ദാർശനിക തലത്തിൽ ഗുരു നൽകിയ മഹിത സന്ദേശത്തിന്റെ ജ്ഞാനതലമാണ് ഈ കൃതിയിലൂടെ ലളിതമായി സുഗതൻ അനാവരണം ചെയ്തിരിക്കുന്നത്.

ഗുരുദേവന്റെ ജീവിതത്തെക്കുറിച്ച് ഗുരു ജീവിച്ചിരിക്കുമ്പോൾത്തന്നെ പ്രസിദ്ധീകരിച്ച ജീവചരിത്രം മഹാകവി കുമാരനാശാന്റേതാണ്. സംക്ഷിപ്തമെങ്കിലും അത് പിന്നീടുള്ള ജീവചരിത്രകാരന്മാർക്കെല്ലാം മാർഗനിർദ്ദേശകമായി. ഇത്തരത്തിൽ ഗുരുവിന്റെ സന്തത സഹചാരികളും ശിഷ്യരുമടങ്ങുന്ന പലരും ഗുരുവിനെ ലോകസമക്ഷം അവതരിപ്പിച്ചിട്ടുണ്ട്. അതിൽ നിന്നെല്ലാം ഈ കൃതി വ്യത്യസ്തമാകുന്നത് ഗുരുദേവന്റെ ജനനം മുതൽ സമാധിവരെയുള്ള പ്രധാന സംഭവങ്ങൾ ഇരുപത്തിഅഞ്ച് അദ്ധ്യായങ്ങളിലൂടെ കോർത്തിണക്കി,​ ഒരു കൈപ്പുസ്തകം എന്ന രൂപത്തിൽ അവതരിപ്പിച്ചിരിക്കുന്നു എന്നതുകൊണ്ടാണ്.

ആദ്യ അദ്ധ്യായങ്ങളിൽ ഗുരുവിന്റെ ബാല്യവുമായി ബന്ധപ്പെട്ട പ്രധാന സംഭവങ്ങളാണ് പ്രതിപാദ്യം. അരുവിപ്പുറം പ്രതിഷ്ഠ തുടങ്ങി പിന്നീടങ്ങോട്ട് സാമൂഹ്യ പരിഷ്കരണ യത്‌നങ്ങളോടൊപ്പം ക്ഷേത്ര പ്രതിഷ്ഠകളും ദാർശനിക കൃതികളെക്കുറിച്ചും വിവരിക്കുന്നുണ്ട്. വൈക്കം സത്യഗ്രഹവും ആദ്യത്തെ തൊഴിലാളി പ്രസ്ഥാനത്തെ ആശീർവദിച്ച മഹാഗുരു എന്ന അദ്ധ്യായവും ഗുരുദേവന്റെ 'നിശബ്ദവിപ്ളവ' സമീപനങ്ങളുടെ പാതയിലല്ലെങ്കിലും ഗുരു അവയെ സർവ്വാത്മനാ അംഗീകരിച്ച് ആശീർവദിക്കുന്ന കാര്യം ഗ്രന്ഥകാരൻ സ്വസിദ്ധമായ ശൈലിയിൽ പ്രതിപാദിക്കുന്നു.

എടുത്തുപറയേണ്ട ഒരു അദ്ധ്യായം ഗുരുദേവന്റെ 'സിലോൺ സന്ദർശന"ങ്ങളാണ്. രണ്ടാം സന്ദർശനത്തിൽ അവസാനകാലത്ത് ഗുരുദേവൻ അനുഭവിച്ച മാനസിക സംഘർഷങ്ങളാണ് ഇതിൽ വിവരിക്കുന്നത്.

മിക്ക ചരിത്രപുരുഷന്മാരും അവസാനകാലത്ത് ഒരു ഒറ്റപ്പെടൽ ഇഷ്ടപ്പെട്ടവരാണെന്നു കാണാം. ഇതിന് കാരണങ്ങൾ പലതാണ്. അത്തരമൊരു അവസ്ഥ ശ്രീനാരായണ ഗുരുദേവനും നന്നേ അനുഭവിച്ചിരുന്നു എന്ന് ഈ അദ്ധ്യായം വ്യക്തമാക്കുന്നു. അതോടൊപ്പം ഗുരുദേവന്റെ അന്ത്യനാളുകളും മഹാസമാധിയും ഹൃദ്യമായ ഭാഷയിൽ പ്രതിപാദിച്ചിട്ടുണ്ട്. ഗുരുദേവനെക്കുറിച്ച് തികഞ്ഞ വായനാനുഭവം സമ്മാനിക്കുന്ന വ്യത്യസ്തമായൊരു ജീവചരിത്ര ഗ്രന്ഥമായി 'ഗുരുനാരായണം' മാറുന്നു.

പ്രസാധകർ:

സദ് ഭാവന ട്രസ്റ്റ്,​ തിരുവനന്തപുരം