panoor-

കണ്ണൂർ: പാനൂരിൽ ബോംബ് നിർമാണത്തിനിടെ സ്‌ഫോടനം ഉണ്ടായ സംഭവത്തിൽ അറസ്റ്റിലായവരിൽ ഡിവൈഎഫ്ഐ പ്രവർത്തകരുണ്ടെന്ന് സ്ഥിരീകരിച്ച് നേതൃത്വം. അറസ്റ്റിലായ അമൽ ബാബു, സായൂജ്, അതുൽ എന്നിവർ പ്രാദേശിക യൂണിറ്റ് ഭാരവാഹികളാണ്. എന്നാൽ ഇവർ സംഭവം അറിഞ്ഞ് ഓടിക്കൂടിയവരാകാമെന്നും പങ്കുണ്ടെങ്കിൽ നടപടിയെടുക്കാമെന്നായിരുന്നു ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.

'പാനൂരിൽ അങ്ങനെയൊരു സംഭവം നടന്നപ്പോൾ ധാരാളം ആളുകൾ എത്തി. ആ കൂട്ടത്തിൽ ഡിവൈഎഫ്ഐയുടെ പ്രാദേശിക നേതൃനിരയിലുളളവരുമെത്തി. അവർക്ക് ബോംബ് നിർമാണത്തിൽ പങ്കുണ്ടെങ്കിൽ അംഗീകരിക്കില്ല. തിരഞ്ഞെടുപ്പിനെ മുൻ നിർത്തി വ്യാപകമായ നിലയിൽ ഡിവൈഎഫ്ഐ ബോംബുണ്ടാക്കുന്ന സംഘടനയാണെന്ന് പ്രചരിപ്പിക്കുകയാണ്' -വി കെ സനോജ് പ്രതികരിച്ചു.

സ്‌ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നേരത്തെ രംഗത്തെത്തിയിരുന്നു. സ്‌ഫോടനം നടന്ന സ്ഥലത്ത് ഡിവൈഎഫ് ഐ നേതാവ് പോയത് രക്ഷാപ്രവർത്തനത്തിനാണെന്നും നിരപരാധിയാണെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. സ്‌ഫോടനത്തിൽ മരിച്ച ഷെറിന്റെ വീട്ടിൽ സിപിഎം നേതാക്കൾ പോയതിനെയും എം വി ഗോവിന്ദൻ ന്യായീകരിച്ചു. മരണവീട്ടിൽ പോയി ആശ്വസിപ്പിക്കുന്നത് നാട്ടിൽ പതിവാണെന്ന് അദ്ദേഹം പറഞ്ഞു. സിപിഎം പാനൂർ ഏരിയാ കമ്മിറ്റി അംഗം സുധീർകുമാറും പൊയിലൂർ ലോക്കൽ കമ്മിറ്റി അംഗം എ അശോകനുമായിരുന്നു ഷെറിന്റെ വീട്ടിൽ പോയത്.

കേസിൽ അമൽ ബാബു,​ മിഥുൻ ലാൽ എന്നിവരെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. സ്‌ഫോടനം നടക്കുമ്പോൾ അമൽ ബാബു സ്ഥലത്ത് ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പരിക്കേറ്റ മൂന്നുപേരെ കൂടാതെ ആറുപേരാണ് ഇതുവരെ അറസ്റ്റിലായത്. കൂ​ത്തു​പ​റ​മ്പ് ​എസി പി​ കെവി വേ​ണു​ഗോ​പാ​ലി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​പ്ര​ത്യേ​ക​ ​അ​ന്വേ​ഷ​ണ ​സം​ഘ​മാ​ണ് ​കേ​സ് ​അ​ന്വേ​ഷി​ക്കു​ന്ന​ത്.​ ​