ranjith-rathod

മുംബയ്: സ്‌ത്രീകളെ തുറിച്ചുനോക്കിയതിന്റെ പേരിൽ 28കാരനായ യുവാവിനെ കുത്തികൊലപ്പെടുത്തി. മഹാരാഷ്ട്ര നാഗ്‌പൂരിലെ മഹാലക്ഷ്‌മി നഗറിൽ ശനിയാഴ്‌ച രാത്രിയായിരുന്നു സംഭവം. രഞ്ജിത് റാത്തോഡ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ജയശ്രീ പഞ്ചാദെ, സുഹൃത്ത് സവിത സായ്‌റെ എന്നിവരെ തുറിച്ചുനോക്കി എന്ന പേരിലായിരുന്നു ക്രൂരകൊലപാതകം.

ഒരു മുറുക്കാൻ കടയ്ക്ക് മുന്നിൽ ജയശ്രീയും സവിതയും പുകവലിച്ചുകൊണ്ട് നിൽക്കുകയായിരുന്നു. ഇതിനിടയ്ക്ക് സിഗരറ്റ് വാങ്ങാനായി കടയിലെത്തിയ രഞ്ജിത് ഇവരെ തുറിച്ചുനോക്കിയതാണ് സംഭവങ്ങൾക്ക് തുടക്കമായതെന്ന് പൊലീസ് പറയുന്നു. സ്ത്രീകളും രഞ്ജിത്തുമായി വാക്കുതർക്കമുണ്ടാവുകയും അടിപിടിയിൽ കലാശിക്കുകയുമായിരുന്നു. ജയശ്രീ രഞ്ജിത്തിനെ ഉപദ്രവിക്കുന്നതും സിഗരറ്റിന്റെ പുക മുഖത്തേയ്ക്ക് ഊതിവിടുന്നതും രഞ്ജിത് പക‌ർത്തിയ വീഡിയോയിലുണ്ട്.

ഇതിനുപിന്നാലെ ജയശ്രീ സുഹൃത്ത് ആകാശ് റൗട്ടിലെ വിളിക്കുകയും സംഭവസ്ഥലത്ത് എത്താൻ ആവശ്യപ്പെടുകയും ചെയ്യുന്നു. സ്ഥലത്തെത്തിയ ആകാശും സുഹൃത്തുക്കളും രഞ്ജിത്തിനെ മർദ്ദിക്കുകയും കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസ് രഞ്ജിത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേയ്ക്കും മരിച്ചു.

തുടർന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ ജയശ്രീ, സവിത, ആകാശ് എന്നിവർ അറസ്റ്റിലായി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുന്നതായും പൊലീസ് അറിയിച്ചു.