boche-

തിരുവനന്തപുരം: സൗദിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ഫറോക്ക് സ്വദേശി അബ്ദുൾ റഹീമിന്റെ മോചനത്തിനാവശ്യമായ 34 കോടി രൂപ സമാഹരിക്കുന്നതിന് ബോബി ചെമ്മണ്ണൂർ യാചക യാത്ര ആരംഭിച്ചു.

തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു മുൻപിൽനിന്നാണ് യാത്ര ആരംഭിച്ചത്. ബോബി ചെമ്മണ്ണൂർ ഫാൻസ്‌ ചാരിറ്റബിൾ ട്രസ്റ്റ് അംഗങ്ങളോടൊപ്പം ബോബി ചെമ്മണ്ണൂർ നേരിട്ടിറങ്ങി മോചനദ്രവ്യം സമാഹരിച്ചു. അബ്ദുൾ റഹീം ലീഗൽ അസിസ്റ്റൻസ് കമ്മിറ്റി ട്രസ്റ്റിന്റെ അക്കൗണ്ടിലേക്ക് സംഭാവന നൽകണമെന്നാവശ്യപ്പെട്ടാണ് യാത്ര. എല്ലാ ജില്ലകളിലെയും പ്രധാന റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, കോളേജുകൾ എന്നിവിടങ്ങളിൽ ബോബി ചെമ്മണ്ണൂർ നേരിട്ടെത്തും. ബോബി ചെമ്മണ്ണൂരിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും വാഹനങ്ങളിലും നൽകിയിട്ടുള്ള അബ്ദുൾ റഹീം ലീഗൽ അസിസ്റ്റൻസ് കമ്മിറ്റി ട്രസ്റ്റിന്റെ ക്യൂ.ആർ കോഡ് സ്‌കാൻ ചെയ്യിച്ചും പ്ലേ സ്‌റ്റോർ, ആപ്പ് സ്റ്റോർ എന്നിവയിൽനിന്നും ആപ്പ് നേരിട്ട് ഡൗൺലോഡ് ചെയ്യിച്ചും അക്കൗണ്ടിലേക്ക് സംഭാവനകൾ അയപ്പിക്കുകയാണ് ചെയ്യുന്നത്. സംഭാവന അബ്ദുൾ റഹീം ലീഗൽ അസിസ്റ്റൻസ് കമ്മിറ്റി ട്രസ്റ്റിന്റെ അക്കൗണ്ടിലേക്കാണ് അയയ്ക്കുന്നതെന്നും ഇതുമായി ബന്ധപ്പെട്ട് യാതൊരു സാമ്പത്തിക ഇടപാടുകളും ബോചെ നേരിട്ടോ അല്ലാതെയോ നടത്തുന്നതല്ലെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. ഏപ്രിൽ 16 ന് മുമ്പായി മോചനദ്രവ്യം നൽകാനാണ് ശ്രമം.