
ഭാര്യയും ഭർത്താവും ഒരേ സമയം വിജയിച്ച് ലോക്‌സഭയിലെത്തുക. അതും രണ്ടുതവണ. പപ്പു യാദവ് എന്നറിയപ്പെടുന്ന രാജേഷ് രഞ്ജനും ഭാര്യ രഞ്ജീത് രഞ്ജനുമാണ് ഇത്തരത്തിൽ ലോക്‌സഭയിലെത്തിയ ദമ്പതിമാർ. ബീഹാർ രാഷ്ട്രീയത്തിലെ ശക്തനായ നേതാവാണ് പപ്പു യാദവ്.
2004ലാണ് ഇരുവരും ആദ്യമായി ഒരുമിച്ച് ലോക്‌സഭയിലെത്തിയത്. പപ്പു യാദവ് ബീഹാറിലെ മഥേപുര മണ്ഡലത്തിൽ നിന്നും രഞ്ജീത് സഹാർസയിൽ നിന്നുമാണ് വിജയിച്ചത്. ആർ.ജെ.ഡി എം.പിയായിരുന്നു പപ്പു യാദവ്. എൽ.ജെ.പി ടിക്കറ്റിലാണ് രഞ്ജീത് ലോക്‌സഭയിലെത്തിയത്.
അഞ്ചുതവണ എം.പിയായ പപ്പു യാദവിന്റെ പേരിൽ 35ലധികം ക്രിമിനൽ കേസുകളുണ്ട്. 2009ൽ ക്രിമിനൽ കേസിൽ പ്രതി ആയതിനാൽ അദ്ദേഹത്തിന് മത്സരിക്കാനായില്ല. കോൺഗ്രസ് ടിക്കറ്റിൽ സുപോൽ മണ്ഡലത്തിൽ മത്സരിച്ച രഞ്ജീത് പരാജയപ്പെട്ടു. 2014ൽ സുപോൽ മണ്ഡലത്തിൽ രഞ്ജീതും മഥേപുരയിൽ പപ്പു യാദവും വിജയിച്ചു. പപ്പു യാദവ് ആർ.ജെ.ഡിയും രഞ്ജീത് കോൺഗ്രസിനും വേണ്ടിയാണ് ജനവിധി തേടിയത്. 2016ൽ വനിത ദിനത്തിൽ ഹാർലി ഡേവിഡ്സൺ ബൈക്കിൽ പാർലമെന്റിലെത്തിയ രഞ്ജീത് ജനശ്രദ്ധ നേടിയിരുന്നു.
2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ രണ്ടുപേരും പരാജയപ്പെട്ടു. നിലവിൽ ഛത്തീസ്ഗഢിൽ നിന്നുള്ള കോൺഗ്രസ് രാജ്യസഭ എം.പിയാണ് രഞ്ജീത്. പപ്പു യാദവ് 'ഇന്ത്യ" സഖ്യത്തിൽ ചേർന്നെങ്കിലും സീറ്റ് ലഭിച്ചില്ല. പൂർണിയയിൽ നിന്നും സ്വതന്ത്രനായി മത്സരിക്കാനാണ് നീക്കം.