
റായ്പൂർ: ഗ്രാൻഡ് ഓൾഡ് പാർട്ടിയെന്ന് വിശേഷിപ്പിക്കുന്ന കോൺഗ്രസ് ഇന്ത്യ ഭരിച്ചിരുന്നപ്പോൾ അഴിമതിയായിരുന്നു രാജ്യത്തിന്റെ മുഖമുദ്രയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഛത്തീസ്ഗഡിലെ ബസ്തറിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യത്തിനുശേഷം രാജ്യം കൊള്ളയടിക്കാനുള്ള ലൈസൻസ് കോൺഗ്രസ് സ്വന്തമാക്കി. 2014ൽ എൻ.ഡി.എ സർക്കാർ അധികാരത്തിലെത്തിയപ്പോൾ മോദി അത് റദ്ദാക്കി. അതിനുള്ള അവകാശം തനിക്ക് നൽകിയത് ഭാരതീയരാണ്. ലൈസൻസ് പോയതോടെ അവർ കടയടച്ചു. ഇനി മോദിയെ തകർക്കാനായിരിക്കും ശ്രമം. അതിൽ നിന്ന് ഭാരതീയർ എന്നെ സംരക്ഷിക്കുമെന്ന് എനിക്കുറപ്പുണ്ട്. രാജ്യത്തെ അമ്മമാരും സഹോദരിമാരും എനിക്ക് രക്ഷാകവചമൊരുക്കും.
രാംലല്ലയുടെ പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ചവരാണ് കോൺഗ്രസ് നേതൃത്വം. ഇത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയ കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽ നിന്ന് പുറത്താക്കി. പ്രീണന രാഷ്‌ട്രീയത്തിനായി ഏത് പരിധിയും ലംഘിക്കുമെന്ന് രാമക്ഷേത്ര വിഷയത്തിൽ കോൺഗ്രസ് തെളിയിച്ചുവെന്നും മോദി കുറ്റപ്പെടുത്തി.
മണിപ്പൂരിനെ രക്ഷിച്ചത് കേന്ദ്രം
മണിപ്പൂരിലെ സാഹചര്യത്തെ കേന്ദ്ര സർക്കാർ സൂക്ഷ്മമായി കൈകാര്യം ചെയ്തുവെന്ന് പ്രധാനമന്ത്രി. ഒരു മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു പരാമർശങ്ങൾ. കലാപത്തിൽ കേന്ദ്രസർക്കാർ സമയോചിതമായി ഇടപെട്ടു. മണിപ്പൂരിനെ രക്ഷിച്ചത് കേന്ദ്ര ഇടപെടലാണെന്നും അവകാശപ്പെട്ടു. കലാപ ബാധിതർക്കുള്ള പുനരധിവാസ പദ്ധതികൾ മണിപ്പൂരിൽ തുടരുകയാണ്. സംസ്ഥാന സർക്കാരിന്റെ ആവശ്യങ്ങൾ കൃത്യമായി പരിഗണിച്ചാണ് കേന്ദ്രം സഹായമെത്തിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ആദ്യമായാണ് മണിപ്പൂർ വിഷയത്തിൽ അദ്ദേഹം പാർലമെന്റിനുപുറത്ത് പ്രതികരിക്കുന്നത്. അസാം ഉൾപ്പെടെയുള്ള വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ കേന്ദ്രസർക്കാർ വികസന പദ്ധതികൾ നടപ്പിലാക്കിയെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.