
മപൂറ്റോ : തെക്ക് കിഴക്കൻ ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ കടലിൽ ബോട്ട് മുങ്ങി കുട്ടികളടക്കം 94 മരണം. ഞായറാഴ്ചയായിരുന്നു സംഭവം. നംപുല പ്രവിശ്യയിലെ ലുംഗ പട്ടണത്തിൽ നിന്ന് രാജ്യത്തിന്റെ വടക്കൻ തീരത്തുള്ള ഐലൻഡ് ഒഫ് മൊസാംബിക് എന്ന ചെറുദ്വീപിലേക്ക് പോവുകയായിരുന്നു ബോട്ട്. 130 പേരാണ് ബോട്ടിലുണ്ടായിരുന്നത്. അഞ്ച് പേരെ രക്ഷിച്ചു. മറ്റുള്ളവർക്കായി രക്ഷാപ്രവർത്തനം തുടരുന്നു. പരിധിയിലും കൂടുതൽ പേരെ ബോട്ടിൽ ഉൾക്കൊള്ളിച്ചതാണ് അപകടത്തിന് കാരണം. രാജ്യത്തെ കോളറ വ്യാപനത്തിൽ നിന്ന് രക്ഷനേടാൻ ദ്വീപിലേക്ക് പോയവരാണ് ബോട്ടിലുണ്ടായിരുന്നതെന്ന് അധികൃതർ പറഞ്ഞു. ഒക്ടോബർ മുതൽ 15,000 കോളറ കേസുകളാണ് മൊസാംബിക്കിൽ റിപ്പോർട്ട് ചെയ്തത്. 32 പേർ മരിച്ചു.