d

നിരത്തുകളിൽ ചോരക്കൊതി തീരാതെ കൊലവിളിയുമായി പാ‌ഞ്ഞുനടക്കുന്ന ടിപ്പറുകളും ടോറസുകളും ഉൾപ്പെട്ട അപകടപരമ്പര ഒരു നിയന്ത്രണവുമില്ലാതെ തുടരുക തന്നെയാണ്. ഇന്നലെ അമ്പലപ്പുഴയിൽ ദമ്പതികളുടെയും കുട്ടിയുടെയും ജീവനെടുത്ത അപകടത്തിൽ യഥാർത്ഥ വില്ലൻ ടോറസ് ആയിരുന്നില്ലെങ്കിലും,​ സൈക്കിളിൽ തട്ടി നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് ഇവർ തെറിച്ചുവീണത് എതിരെ വരികയായിരുന്ന ടോറസിനടിയിലേക്കാണ്. തിരുവനന്തപുരത്ത് ബി.ഡി.എസ് വിദ്യാർത്ഥിയായിരുന്ന അനന്തുവെന്ന ഇരുപത്തിയഞ്ചുകാരൻ, ടിപ്പറിൽ നിന്ന് തെറിച്ചുവീണ കരിങ്കല്ല് ദേഹത്തുവീണ് ദാരുണമായി മരണമടഞ്ഞത് കഴിഞ്ഞ മാസം 19-നാണ്. അതിനു ശേഷമുള്ള, ഇരുപത് ദിവസത്തിനിടെ മാത്രം വിവിധ ജില്ലകളിലായി ടിപ്പറുകളും ടോറസുകളും വരുത്തിവച്ച അപകടങ്ങളിൽ ജീവൻ പൊലിഞ്ഞവരുടെ എണ്ണം പന്ത്രണ്ടിലധികമാണ്!

അനന്തുവിന്റെ ജീവനെടുത്ത ടിപ്പർ ദുരന്തത്തിന്റെയും തുടരെയുണ്ടായ അപകടങ്ങളുടെയും പശ്ചാത്തലത്തിൽ,​ ഇത്തരം ഭാരവാഹനങ്ങളുടെ നിയന്ത്രണത്തിന് നിലവിലുള്ള നിയമങ്ങൾ കർശനമാക്കുമെന്നും, പരിശോധനകൾ കൃത്യമായി നടത്തുമെന്നും ആണയിട്ടവർ ഒരു നടപടിയുമെടുത്തതായി റിപ്പോർട്ട് വന്നിട്ടില്ല. നടത്തിയ പരിശോധനകളുടെയോ,​ നിയന്ത്രണങ്ങൾ ലംഘിച്ചതിന് പിടിച്ചെടുത്ത വാഹനങ്ങളുടെയോ,​ അശ്രദ്ധ പതിവാക്കിയതിന് ലൈസൻസ് റദ്ദാക്കപ്പെട്ട ഡ്രൈവർമാരുടെയോ ഒരു കണക്കും എങ്ങും പ്രസിദ്ധീകരിക്കപ്പെട്ടു കണ്ടില്ല. സംസ്ഥാനത്ത് ദേശീയപാതാ വികസനം ഉൾപ്പെടെ നടക്കുന്ന നിർമ്മാണ ജോലികളുമായി ബന്ധപ്പെട്ടാണ് ഏറ്രവും അധികം ടിപ്പറുകളും ടോറസുകളും സർവീസ് നടത്തുന്നത്. പണിസ്ഥലത്തേക്ക് കരിങ്കല്ലും സിമന്റും ഉൾപ്പെടെയുള്ള സാമഗ്രികൾ എത്തിക്കാൻ കരാറെടുക്കുന്നവർക്ക്,​ കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ ലോഡ് എത്തിക്കുകയെന്ന ഒറ്റ ലാഭക്കണ്ണേയുള്ളൂ. ഈ വേഗമിടുക്കാണ് ടിപ്പർ ഡ്രൈവർമാരുടെ ഡിമാൻഡ് ഉയർത്തുന്നത് എന്നതുകൊണ്ട് അവർക്കും മറ്റു കരുതലുകളൊന്നുമില്ല!

പൊതുനിരത്തിൽ വാഹനത്തിരക്ക് കൂടുതലുള്ള സമയങ്ങളിൽ ടിപ്പറുകൾക്ക് കർശന നിയന്ത്റണം നിലവിലുണ്ട്. കയറ്റാവുന്ന ഭാരത്തിന് നിശ്ചിത അളവും,​ അവ കയറ്റിക്കൊണ്ടുപോകുന്നതിന് നിർദ്ദിഷ്ട മാർഗരേഖകളുമുണ്ട്. ഇതൊക്കെ പരിശോധിക്കാൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബാദ്ധ്യസ്ഥരുമാണ്. ചുരുക്കത്തിൽ,​ നിയന്ത്രണങ്ങൾ ഇല്ലാത്തതോ,​ നിയമം ഇല്ലാത്തതോ,​ അതു നടപ്പാക്കാൻ ബാദ്ധ്യസ്ഥരായ ഉദ്യോഗസ്ഥരില്ലാത്തതോ അല്ല പ്രശ്നം. അതു ഗൗരവമായെടുക്കുന്നില്ലെന്നു മാത്രം! നിരത്തിൽ കാൽനടയായോ വാഹനങ്ങളിലോ ഇറങ്ങുന്ന ഓരോ മനുഷ്യനും ഒരു കുടുംബമുണ്ട്. ജീവനുള്ള മനുഷ്യരാണ് ഇവരെന്ന പരിഗണന പോലുമില്ലാതെയാണ് ഭാരവാഹനങ്ങളോടിക്കുന്ന ഡ്രൈവർമാരിൽ വലിയൊരു വിഭാഗം പേരുടെയും വേഗഭ്രാന്തും,​ കാൽനടക്കാരോടും ഇരുചക്രവാഹനം ഓടിക്കുന്നവരോടുള്ള ധിക്കാരപൂർവമായ അവഗണനയും.

ഭാരവാഹനങ്ങൾ വരുത്തിവയ്ക്കുന്ന അപകടങ്ങൾക്കൊപ്പം,​ മറ്റ് റോഡ് അപകടങ്ങളും സംസ്ഥാനത്ത് വർദ്ധിച്ചു വരുന്നതിന്റെ അമ്പരപ്പിക്കുന്ന കണക്ക് വിളിച്ചുപറയുന്നതാണ് ഓരോ ദിവസവും വാർത്താ മാദ്ധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്ന റോഡ് അപകടമരണ സംഖ്യ. ഇന്നലെ മാത്രം സംസ്ഥാനത്ത് റോഡിൽ ചതഞ്ഞരഞ്ഞത് ഏഴ് മനുഷ്യജീവനുകളാണ്. വാഹനങ്ങളുടെ എണ്ണം അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയും,​ അതിന് അനുസൃതമായി റോഡ് സൗകര്യങ്ങൾ വർദ്ധിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ റോഡിലെ പരിശോധനകൾ കർക്കശമാക്കുകയും,​ നിയമങ്ങൾ കർശനമായി നടപ്പാക്കുകയും വേണം. ഇതിനെല്ലാം മീതെ,​ റോ‌ഡിലിറങ്ങുന്ന ഓരോരുത്തരും ഒരു പ്രതിജ്ഞ കൂടിയെടുക്കണം: എന്റെ ജീവന്റെ അതേ വിലയുണ്ട്,​ ഏതു ജീവനും! ആ ജാഗ്രതയാണ് നമ്മൾ സ്വയം ഉറപ്പാക്കേണ്ടത്.