gold-rate

ഇസ്ലാമാബാദ്: സ്വര്‍ണ വില ദിനംപ്രതി കൂടുകയാണ്. സകല റെക്കോഡുകളും ഭേദിച്ച് 52,000 കടന്ന് മുന്നേറുകയാണ് വില. ക്രമാതീതമായി വില കൂടിയിട്ടും പക്ഷേ സ്വര്‍ണ വിപണിയെ അതൊന്നും ബാധിച്ചിട്ടില്ല. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ പരിഗണിക്കപ്പെടുന്നതിനാലാണ് സ്വര്‍ണ വില്‍പ്പന ഇന്ത്യയില്‍ കുതിക്കുന്നത്.

ഗ്രാമിന് 30 രൂപ വര്‍ദ്ധിച്ചതോടെ കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് വില 52,520 രൂപയാണ്. നേരത്തെ സൂചിപ്പിച്ചത് പോലെ ഇതൊന്നും വില്‍പ്പനയെ തെല്ലും ബാധിച്ചിട്ടില്ല. വിവാഹ സീസണ്‍ കൂടി വരാനിരിക്കെ പ്രീ ബുക്കിംഗ് ഉള്‍പ്പെടെ ഉയരുകയാണ്.

രാജ്യാന്തര വില, ഡോളര്‍ - രൂപ വിനിമയനിരക്ക്, ഇറക്കുമതി തീരുവ എന്നിവയുടെ അടിസ്ഥാനത്തിലാണ് സ്വര്‍ണവിലയില്‍ ഏറ്റക്കുറച്ചിലുണ്ടാകുന്നതും വില നിശ്ചയിക്കപ്പെടുന്നതും. ഇന്ത്യയിലേപ്പോലെ തന്നെ സ്വര്‍ണവില കുതിക്കുകയാണ് അയല്‍രാജ്യമായ പാകിസ്ഥാനിലും.

ഒരു ഗ്രാം സ്വര്‍ണത്തിന് 21,064 രൂപയാണ് ഇന്ന് പാകിസ്ഥാനിലെ വില. കഴിഞ്ഞ ദിവസത്തെ വിലയെക്കാള്‍ ഗ്രാമിന് കൂടിയത് 600 രൂപ! ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ പാകിസ്ഥാനില്‍ ചിലവ് 1,68,518 രൂപയാണ്. ഒരു ടോള (11.5 ഗ്രാം) സ്വര്‍ണം വാങ്ങണമെങ്കില്‍ 2,45,700 രൂപ നല്‍കണം പാകിസ്ഥാനില്‍.

പാകിസ്ഥാനില്‍ 24 കാരറ്റ് സ്വര്‍ണത്തിന്റെ വില എക്കാലത്തേയും ഉയര്‍ന്ന നിരക്ക് തൊട്ടത് ഇക്കഴിഞ്ഞ ശനിയാഴ്ചയാണ്. 2023 സെപ്റ്റംബറിലായിരുന്നു ഇതിന് മുമ്പ് രേഖപ്പെടുത്തിയ ഏറ്റവും വലിയ വില. അന്താരാഷ്ട്ര വിപണിയില്‍ ഔണ്‍സിന് 44 ഡോളര്‍ ഉയര്‍ന്നതോടെ സ്വര്‍ണ വില 2,350 ഡോളറായിട്ടുണ്ട്.

ഉയര്‍ന്ന സ്വര്‍ണവില കാരണം പാകിസ്ഥാനില്‍ സ്വര്‍ണ വിപണി നേരിടുന്നത് കനത്ത നഷ്ടമാണ്. ഉയര്‍ന്ന വിലയും രാജ്യത്തെ ക്രമസമാധാന നില തകര്‍ന്നതും പാകിസ്ഥാനിലെ സ്വര്‍ണവിപണി നഷ്ടത്തിലായതിന്റെ പ്രധാന കാരണങ്ങളാണ്.