pic

 വൻ പ്രതിഷേധം, മാപ്പുപറച്ചിൽ

മാലെ: ഇന്ത്യൻ ദേശീയ പതാകയെ പരിഹസിക്കുന്ന ചിത്രം എക്സിൽ പോസ്റ്റ് ചെയ്ത മാലദ്വീപ് മുൻ മന്ത്രി മറിയം ഷിയുന, രാജ്യത്തിനകത്ത് രൂക്ഷ വിമർശനം ഉയർന്നതോടെ പിൻവലിച്ച് മാപ്പുപറഞ്ഞു. മുമ്പ് ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ അപകീർത്തികരമായ പോസ്റ്റിട്ട് വിവാദത്തിലായതോടെയാണ് മറിയം മന്ത്രിസഭയിൽ നിന്ന് പുറത്തായത്. ചൈനാവാദിയായ പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ പാർട്ടി അംഗമാണ് ഇവർ.

പ്രതിപക്ഷമായ മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടിയുടെ (എം.ഡി.പി )​ പോസ്റ്ററിനെ പരിഹസിച്ച മറിയം, എം.ഡി.പിയുടെ ലോഗോയ്ക്ക് പകരം ഇന്ത്യൻ പതാകയിലെ അശോക ചക്രം ചേ‌ർത്തു. ഇതിനെതിരെ മാലെയിലെ ജനം ശക്തമായി പ്രതിഷേധിച്ചു. തുടർന്നാണ് പോസ്റ്റ് പിൻവലിച്ച് തടിയൂരിയത്.

മുയിസു സർക്കാർ ഇന്ത്യാ വിരുദ്ധ നയങ്ങൾ തുടരുന്നതിനിടെയിലും മാലദ്വീപിലെ ജനങ്ങൾക്കായി അവശ്യ വസ്തുക്കൾ കഴിഞ്ഞദിവസം കയറ്റുമതി ചെയ്തിരുന്നു ഇന്ത്യ. മാലദ്വീപിന്റെ അഭ്യർത്ഥന മാനിച്ചാണ് തീരുമാനം. ഇതിനിടെയുള്ള മറിയത്തിന്റെ പ്രസ്താവന സ്വന്തം കഞ്ഞിയിൽ പാറ്റയിടുന്നതാണെന്ന് പ്രതിപക്ഷം വിമർശിച്ചു.

നവംബറിൽ അധികാരമേ​റ്റ മുയിസു, മേയ് പത്തിനകം മാലദ്വീപിലുള്ള 88 ഇന്ത്യൻ സൈനികരെയും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തങ്ങളുടെ പരമാധികാരത്തിൽ ആരും ഇടപെടേണ്ടെന്നും പറഞ്ഞു. അധികാരമേൽക്കുന്ന മാലെദ്വീപ് പ്രസിഡന്റുമാർ ആദ്യം ഇന്ത്യ സന്ദർശിക്കുന്ന പതിവ് തെറ്റിച്ച് ചൈനയിലാണ് പോയത്.

വിവാദ നായിക

 മോദിക്കെതിരെ മോശം പരാമർശം നടത്തിയതിന് മറിയം അടക്കം മൂന്ന് മന്ത്രിമാരെ ജനുവരിയിൽ മാലദ്വീപ് സർക്കാരിന് പുറത്താക്കേണ്ടി വന്നു

 മറിയത്തിന്റെ പോസ്റ്റ് മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തെ തുടർന്നായിരുന്നു. ലോകത്തെ ഏറ്റവും സുന്ദരമായ ലക്ഷദ്വീപിലേക്ക് ഇന്ത്യൻ ജനതയെ മോദി സ്വാഗതം ചെയ്തിരുന്നു

 പോസ്റ്റ് ഡിലീറ്റ് ചെയ്തെങ്കിലും ഇന്ത്യക്കാർ മാലദ്വീപ് യാത്ര കൂട്ടത്തോടെ റദ്ദാക്കിയതോടെ അവരുടെ വരുമാനത്തിൽ വൻ ഇടിവുണ്ടായി

ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. പോസ്റ്റിലെ ചിത്രത്തിന് ഇന്ത്യൻ പതാകയുമായി സാമ്യമുണ്ടെന്ന് ശ്രദ്ധയിൽപ്പെട്ടു. ഇത് മനഃപൂർവം സംഭവിച്ചതല്ല. തെ​റ്റിദ്ധാരണ സൃഷ്ടിച്ചതിൽ ആത്മാർത്ഥമായി ഖേദിക്കുന്നു

- മറിയം ഷിയുന

വെറുപ്പിക്കാൻ നോക്കിയിട്ടും

ഭക്ഷണം നൽകി ഇന്ത്യ

തിരഞ്ഞെടുപ്പിന് മുന്നോടിയായി ഭക്ഷ്യോത്പന്നങ്ങളുടെ കയ​റ്റുമതിയിൽ ഇന്ത്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഈ സാമ്പത്തിക വർഷം മാലദ്വീപിലേക്കുള്ള കയ​റ്റുമതിയെ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കി. 1,24,218 ടൺ അരിയും 1,09,162 ടൺ ഗോതമ്പ് മാവും അനുവദിച്ചു. ഇതിന് മാലദ്വീപ് വിദേശകാര്യ മന്ത്രി മൂസ സമീർ കഴിഞ്ഞ ദിവസം ഇന്ത്യക്ക് നന്ദി അറിയിച്ചിരുന്നു. സഹായങ്ങൾ ചെയ്യുന്ന രാജ്യമായിട്ടും ഇന്ത്യാ വിരുദ്ധ പ്രസ്താവനകൾ നടത്തിയ മുയിസുവിനെ പ്രതിപക്ഷത്തിന് പുറമേ സോഷ്യൽ മീഡിയയിലൂടെ ജനങ്ങളും കൂട്ടത്തോടെ വിമർശിക്കുന്നുണ്ട്.