sashi-tharoor

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ജയിച്ച് കയറാമെന്ന് ബിജെപി ഏറ്റവും വലിയ പ്രതീക്ഷ വെച്ച്പുലര്‍ത്തുന്ന മണ്ഡലമാണ് തിരുവനന്തപുരം. ഹാട്രിക് വിജയത്തിന്റെ പകിട്ടോടെ നാലാം അങ്കത്തിനിറങ്ങുന്ന ശശി തരൂരിന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ തടയിടുമെന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്. രണ്ട് ദേശീയ നേതാക്കള്‍ പരസ്പരം പോരടിക്കുന്ന മണ്ഡലത്തില്‍ മുന്‍ എംപിയും ജനകീയനുമായ പന്ന്യന്‍ രവീന്ദ്രനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. ഇതോടെ സംസ്ഥാനത്ത് ഏറ്റവും ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലമായി തിരുവനന്തപുരം മാറിക്കഴിഞ്ഞു.

2014ലും 2019ലും രണ്ടാം സ്ഥാനം നല്‍കിയ തിരുവനന്തപുരം ഇത്തവണ തുണയ്ക്കുമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. താരപകിട്ടുള്ള ശശി തരൂര്‍ - രാജീവ് ചന്ദ്രശേഖര്‍ പോരിന് സാക്ഷ്യം വഹിക്കുകയാണ് മണ്ഡലം. ഇപ്പോഴിതാ ഏറ്റവും പുതിയ സംഭവികാസത്തില്‍ ഇരുവരും തമ്മിലുള്ള സംവാദത്തിന് സാദ്ധ്യത തെളിഞ്ഞിരിക്കുകയാണ് തിരുവനന്തപുരത്ത്. മണ്ഡലവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഒരു സംവാദത്തിന് തയ്യാറാണെന്ന് ഇരു നേതാക്കളും തുറന്ന് പറഞ്ഞു കഴിഞ്ഞു.

'ശശി തരൂരുമായി ആശയങ്ങള്‍, വികസനം, ആരുടെ ട്രാക്ക് റെക്കോര്‍ഡ് മെച്ചമാണ് എന്നതിനെച്ചൊല്ലി സംവാദത്തിന് തയ്യാറാണ്. ഞാന്‍ ഇത് ആദ്യം മുതലേ പറയുന്നുണ്ട്.' തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രാദേശിക മാദ്ധ്യമങ്ങളോട് സംസാരിക്കവെ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞിരുന്നു. 'അതെ, ഞാന്‍ ഒരു സംവാദത്തെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ ഇതുവരെ ഒരു സംവാദത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നത് ആരാണെന്ന് തിരുവനന്തപുരത്തെ ജനങ്ങള്‍ക്ക് അറിയാം. നമുക്ക് രാഷ്ട്രീയവും വികസനവും ചര്‍ച്ച ചെയ്യാം.' രാജീവ് ചന്ദ്രശേഖറിന്റെ വെല്ലുവിളിയുടെ വീഡിയോ പങ്കുവെച്ച് എക്സില്‍ കുറിച്ചു.

'വിലക്കയറ്റം, തൊഴിലില്ലായ്മ, അഴിമതി, വര്‍ഗീയത, ബിജെപിയുടെ 10 വര്‍ഷത്തെ വെറുപ്പിന്റെ രാഷ്ട്രീയം എന്നിവ ചര്‍ച്ച ചെയ്യാം. തിരുവനന്തപുരത്തിന്റെ വികസനത്തെക്കുറിച്ചും കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ നമ്മള്‍ കൈവരിച്ച പ്രകടമായ പുരോഗതിയെക്കുറിച്ചും ചര്‍ച്ച ചെയ്യാം,' തരൂര്‍ കൂട്ടിച്ചേര്‍ത്തു.