crime

ബെല്ലാരി: കര്‍ണാടകയിലെ ബെല്ലാരിയില്‍ നിന്ന് വന്‍ സ്വര്‍ണ ശേഖരം പിടിച്ചെടുത്ത് പൊലീസ്. കമ്പളി ബസാറില്‍ സ്ഥിതി ചെയ്യുന്ന ഹേമ ജ്വല്ലേഴ്‌സ് ഉടമയായ നരേഷ് സോണിയുടെ വീട്ടില്‍ നിന്നാണ് സ്വര്‍ണവും വെള്ളിയും പിടികൂടിയിരിക്കുന്നത്. 7.6 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം, വെള്ളി ഒപ്പം പണം എന്നിവയാണ് പൊലീസ് പിടിച്ചെടുത്തത്.

മൂന്ന് കിലോ സ്വര്‍ണകട്ടിയും 103 കിലോ സ്വര്‍ണ ആഭരണങ്ങളും ചേര്‍ത്ത് 106 കിലോഗ്രാം സ്വര്‍ണമാണ് ആകെ പിടിച്ചെടുത്തിരിക്കുന്നത്. ഇതോടൊപ്പം കറന്‍സി നോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്. സ്വര്‍ണത്തിനും പണത്തിനും പുറമേ 68 വെള്ളി കഷ്ണങ്ങളും പിടിച്ചെടുത്ത വസ്തുക്കളില്‍ ഉള്‍പ്പെടുന്നു.

കോടികളുടെ ഹവാല ഇടപാടാണ് ഇതിന് പിന്നിലെന്നാണ് കര്‍ണാടക പൊലീസ് സംശയിക്കുന്നത്. സംഭവത്തില്‍ ഹേമ ജ്വല്ലേഴ്‌സ് ഉടമയായ നരേഷ് സോണിയെ കസ്റ്റഡിയിലെടുത്ത പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

ഹവാല ഇടപാടുകളുടെ തൊണ്ടിമുതലായാണ് പിടിച്ചെടുത്ത സാധനങ്ങളെന്ന നിഗമനത്തിലാണ് പൊലീസ്. സംഭവത്തെക്കുറിച്ച് അറിയാന്‍ സാമ്പത്തിക ഇടപാട് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കാനായി കേസെടുത്ത് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

കര്‍ണാടക പൊലീസ് ആക്റ്റിലെ 98ാം വകുപ്പ് പ്രകാരമാണ് നരേഷ് സോണിക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തിന്റെ വിശദാംശങ്ങള്‍ ആദായനികുതി വകുപ്പിന് കൈമാറുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധമായി നടത്തിയ പരിശോധനയിലാണ് സ്വര്‍ണവും വെള്ളിയും പണവും പിടിച്ചെടുത്തിരിക്കുന്നത്.